കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍.

0
31

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു.

തന്നെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. എനിക്ക് കിട്ടുന്ന ചില വിവരങ്ങള്‍ അങ്ങനെയാണ്. എന്നാല്‍ അതൊരു വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വാര്‍ഥ താത്പര്യമുള്ള ചില നേതാക്കളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ ചില ലക്ഷ്യങ്ങളുള്ളവരുടെ നീക്കമാണിത്. നിരാശ മറച്ചുവെക്കേണ്ട കാര്യമില്ല – കെ സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതല തനിക്ക് ലഭിക്കുമെന്നാണ് സൂചനയെന്ന് കെ സുധാകരന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ പാര്‍ട്ടിയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തുമെന്നും കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തന്നെ മാറ്റിയതില്‍ അണികള്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നത്.പറയണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പ്രധാന നേതാക്കളെ അറിയിച്ചിരുന്നു. അദ്ദേഹം വ്യക്തമാക്കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് തനിക്ക് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരായ നീക്കത്തിന് പിന്നിലുള്ളവരെയൊന്നും കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെന്നും കാരണം ശത്രുക്കളെയുണ്ടാക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അങ്ങനെ ശത്രുത വരേണ്ട ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പരമാവധി ശത്രുതയൊഴിവാക്കി സ്‌നേഹത്തോടെ പോകേണ്ട സംഘടനയാണിത്. എങ്കിലെ കോണ്‍ഗ്രസിന് വിജയത്തിന് സാധ്യതയുള്ളു – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here