ശ്രീലങ്കൻ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നൽകി. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായാണ് നടപടി.
ലോകകപ്പിൽ പൊതുവെ മോശം പ്രകടനമായിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോർഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് തകർന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ രാജിവച്ചിരുന്നു.
ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗെയാണ് ഇടക്കാല കമ്മറ്റിയുടെ ചെയർമാൻ. ഏഴംഗ സമിതിയിൽ സുപ്രിം കോടതി മുൻ ജഡ്ജിയും ബോർഡിൻ്റെ മുൻ പ്രസിഡൻ്റും ഉൾപ്പെട്ടിട്ടുണ്ട്.