സിനിമയിലൂടെ ആളുകളെ എന്റെർറ്റൈൻ ചെയ്യുകയെന്നാൽ എംഗേജ് ചെയ്യുക എന്നതാണെന്ന് മഹേഷ് നാരായണൻ. ‘എന്തുകൊണ്ട് മലയാള സിനിമ പുതുമയുള്ളതും ഭയരഹിതവും വഴിത്തിരിവുള്ളതുമായ കഥപറച്ചിലിന്റെ കേന്ദ്രമാവുന്നു’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.
“സിനിമ ഇപ്പോഴും എല്ലായിടത്തും പുരുഷ അഭിനേതാക്കളുടെ ചുമലിൽ ഓടുന്നതാണ്. അവരാണ് പണം കൊണ്ടുവരുന്ന ആളുകൾ. അതൊരു കഠിന യാഥാർത്ഥ്യമാണ്. കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന നിലയിൽ, ഞങ്ങൾ ഇപ്പോഴും കാര്യങ്ങൾ ഒരുമിച്ച് സമന്വയിപ്പിക്കുകയും എല്ലാം സന്തുലിതമാക്കുകയും വേണം. മിഡ്‌സ്ട്രീം എന്ന് വിളിക്കപ്പെടുന്ന ഒരു വ്യവസായത്തിലാണ് ഞാൻ ഉള്ളത്. ചില സിനിമകൾ നമ്മുടെ സ്വന്തം വയറിന് വേണ്ടി ചെയ്യണം. ബിസിനസ് തന്നെയാണ് ആത്യന്തികം..” മഹേഷ് നാരായണൻ പറഞ്ഞു.
“ബുദ്ധിമുട്ടുകൾ എല്ലായിടത്തും ഉണ്ട്, എന്നാൽ കേരളത്തിൽ നമുക്കുള്ള ഒരേയൊരു നേട്ടം നമുക്ക് സ്വതന്ത്ര നിർമ്മാതാക്കളുണ്ട് എന്നതാണ്. ആ അർത്ഥത്തിൽ, നമുക്ക് ഒരുപാട് ആളുകളെ ബോധ്യപ്പെടുത്തേണ്ടതില്ല. ഉദാഹരണത്തിന്, നിങ്ങൾ ബോംബെയിലേക്കോ മറ്റ് വ്യവസായങ്ങളിലേക്കോ പോയാൽ അവിടെ ഒരുപാട് പേരെ ബോധ്യപ്പെടുത്തേണ്ടി വരും. ” മഹേഷ് നാരായണൻ വ്യക്തമാക്കി.
“എന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫിന് വെറും 5.05 കോടി രൂപ മാത്രമാണ് ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. ഈ പണം കൊണ്ടാണ് ഇതുപോലെയുള്ള ഒരു ക്രമീകരണം ഞങ്ങൾ ഉണ്ടാക്കിയത്, ആ പണത്തിനുള്ളിൽ നിന്ന് ഞങ്ങൾ ഇറാഖ് ഉണ്ടാക്കിയെടുക്കാനും, യുദ്ധം ചിത്രീകരിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ ബജറ്റിൽ നിർമ്മിക്കാനും പറ്റണമായിരുന്നു.” അദ്ദേഹം പറഞ്ഞു.
“ഇതെല്ലാം ഒരു അനുപാതത്തെക്കുറിച്ചാണ്. നേരത്തെ മൊത്തം ബജറ്റിന്റെ 20 ശതമാനം ടെക്‌നീഷ്യന്മാരുടെ പ്രതിഫലമായിരിക്കും. ഇപ്പോൾ ചില വ്യവസായങ്ങളിൽ ഇത് 95 ആണ്. ബാക്കി 5 ശതമാനമാണ് നമുക്ക് സിനിമ ചെയ്യാൻ കിട്ടുന്നത്. എന്നാൽ ഇപ്പോഴും മലയാള സിനിമ നിലനിൽക്കുന്നത് ഈ അനുപാതം സന്തുലിതമായതുകൊണ്ടാണ്.” മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.