ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 237 പേര്‍ മരിച്ചതായും 900 പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ട്രെയിന്‍ കോച്ചുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. ജൂണ്‍ 3 ന് സംസ്ഥാനത്തുടനീളം ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അറിയിപ്പ്.
വെള്ളിയാഴ്ച രാത്രിയാണ് കോറോമാണ്ടല്‍ എക്സ്പ്രസും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും തമ്മില്‍ കൂട്ടിയിടിച്ചത്. ബഹനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഒരു ഗുഡ്സ് ട്രെയിന് പാളം തെറ്റിയതിന് പിന്നാലെ 12864 ബംഗളൂരു-ഹൗറ എക്സ്പ്രസിന്റെ നിരവധി കോച്ചുകള്‍ ബാലേശ്വരിനടുത്ത് വെച്ച് പാളം തെറ്റി തൊട്ടടുത്ത ട്രാക്കില്‍ വീണു. ഈ കോച്ചുകളിലേക്ക് 12841 ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമാണ്ടല്‍ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടം. ഇതിനിടെ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. ”എന്തുകൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഒരു ഉന്നതതല അന്വേഷണം നടത്താന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്… യഥാര്‍ഥ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.