പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്ബോള്‍ വികാരഭരിതനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് നിതീഷ് പറഞ്ഞു. പുര്‍ണിയയില്‍ സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെഡിയു അധ്യക്ഷന്‍. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലെന്ന് നിതീഷ് കുമാര്‍ സൂചിപ്പിച്ചു. ഇന്ന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമാണ്. നാളെ കഴിഞ്ഞാല്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തും. ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. എല്ലാം ഭംഗിയായി അവസാനിക്കുമെന്നും നിതീഷ് കുമാര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
മൂന്ന് ഘട്ടമായിട്ടാണ് ഇത്തവണ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ആദ്യ ഘട്ടം ഒക്ടോബര്‍ 29ന് നടന്നു. രണ്ടാംഘട്ടം നവംബര്‍ മൂന്നിനായിരുന്നു. മൂന്നാം ഘട്ടം ശനിയാഴ്ച നടക്കും. ഈ മാസം 10നാണ് വോട്ടെണ്ണല്‍. കഴിഞ്ഞ 15 വര്‍ഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. സഖ്യങ്ങള്‍ പലതും മാറിയെങ്കിലും മുഖ്യമന്ത്രി പദത്തില്‍ അദ്ദേഹം തുടര്‍ന്നു. ഇത്തവണ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കവെയാണ് നിതീഷ് തിരഞ്ഞെടുപ്പ് നേരിടുന്നത്. ബിജെപിയും വിഐപിയും എച്ച്‌എഎമ്മും ഉള്‍പ്പെടെയുള്ള കക്ഷികളാണ് എന്‍ഡിഎയില്‍ ജെഡിയുവിന് പുറമെയുള്ളത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നേരിടുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നിതീഷുമായി ഉടക്കിയാണ് രാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎ സഖ്യം വിട്ടത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ പറയുന്നു. തിരഞ്ഞെടുപ്പ് തീരും വരെ ബിജെപിക്കൊപ്പവും അതിന് ശേഷം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കൊപ്പവുമാകും നിതീഷ് കുമാര്‍ എന്നും ചിരാഗ് കുറ്റപ്പെടുത്തി.69കാരനായ നിതീഷ് കുമാര്‍ അടുത്ത നിയമസഭയിലേക്ക് മല്‍സരിക്കാതിരിക്കുമോ എന്ന് വ്യക്തമല്ല. ആദ്യമാട്ടാണ് ഇനി മല്‍സര രംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനപ്രീതി ഇടിഞ്ഞു എന്നാണ് ലോക്‌നിധി-സിഎസ്ഡിഎസ് സര്‍വ്വെയില്‍ വ്യക്തമായത്. 2015ല്‍ 80 ശതമാനമായിരുന്നു ജനപ്രീതി. ഇപ്പോള്‍ 52 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെ പ്രചാരണ റാലിയില്‍ വലിയ ജനബാഹുല്യം പ്രകടമാണ്. നിതീഷിന്റെ റാലിയില്‍ ഉള്ളിയേറ് നടന്നതും വാര്‍ത്തയായിരുന്നു.