അങ്കമാലി ഭാഗത്ത് പുതിയ ബൈപാസ് വരുന്നു.

0
16

കൊച്ചി: ദേശീയപാത 544ൻ്റെ തൃശൂർ – ഇടപ്പള്ളി സെക്ഷനിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കായി പുതിയ ബൈപാസ് വരുന്നു. അങ്കമാലിക്ക് സമീപം കരയാംപറമ്പ് സിഗ്നൽ ജങ്ഷനെയും അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട ബൈപാസ് റോഡിനാണ് വഴിതെളിയുന്നത്. യാത്രക്കാർക്ക് പതിവായി തലവേദന സൃഷ്ടിക്കുന്ന അങ്കമാലി ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സുഗമമാക്കുന്ന പദ്ധതി കേരള റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപറേഷൻ (ആർബിഡിസികെ) ആണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർക്ക് അങ്കമാലി ജങ്ഷനിലെ കുരുക്കിൽ പെടാതെ യാത്രയുടെ വേഗം കൂട്ടാം.

ദേശീയപാതാ അതോറിറ്റിയുടെ അങ്കമാലി – മരട് ബൈപാസ് പദ്ധതിയുടെ അലൈൻമെൻ്റ് സംബന്ധിച്ച് കാലതാമസം നേരിടുന്നതിനിടെയാണ് പുതിയ ബൈപാസ് പദ്ധതി കടമ്പകൾ കടന്ന് നിർമാണത്തിനോട് അടുക്കുന്നത്. കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽനിന്ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലേക്ക് നാല് കിലോമീറ്റർ നീളുന്നതാണ് നിർദിഷ്ട നാലുവരിപ്പാത. പടിഞ്ഞാറ് ഭാഗത്ത് റെയിൽപാതയ്ക്ക് സമാന്തരമായാണ് പാത നിർമിക്കുക. പദ്ധതിക്ക് ആവശ്യമായ 275 കോടി രൂപ കിഫ്ബി ആണ് അനുവദിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാത 544ൽ കരയാംപറമ്പ് മുതൽ ടെൽക്ക് വരെയുളള സെക്ഷനിൽ പതിവായ കടുത്ത ഗതാഗതക്കുരുക്കിൽ പെടാതെ യാത്രക്കാർക്ക് ബൈപാസിലൂടെ കടക്കാം

2021 ജനുവരിയിൽ തറക്കല്ലിട്ട കരയാംപറമ്പ് – അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷൻ ബൈപാസ് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ തടസ്സം സൃഷ്ടിച്ചതോടെയാണ് കാലതാമസം നേരിട്ടത്. അതേസമയം സ്ഥലമേറ്റെടുപ്പ് നടപടികൾ അവസാന ഘട്ടത്തിൽ എത്തിയെന്നും അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും ആർബിഡിസികെ അധികൃതർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലേക്കടക്കം ഉള്ള യാത്രക്കാർക്ക് ബൈപാസ് ഏറെ സഹായകമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here