വിഷപ്പുല്ല് തിന്ന് തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലെ കര്‍ഷകന്‍ രവിയുടെ നാലു പശുക്കളാണ് ചത്തത്. ഇന്ന് രാവിലെയാണ് നാലാമത്തെ പശു ചത്തത്. പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധിയില്‍ നാല് പശുക്കളെ നഷ്ടപ്പെട്ട സങ്കടത്തിലാണ് കര്‍ഷകന്‍. ബ്ലൂമിയ എന്ന തീറ്റപ്പുല്ലാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോ. എം. മുഹമ്മദ് ആസിഫ് പറഞ്ഞു.
മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.വേനല്‍ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂക്കുന്ന പുല്ലാണ് വില്ലനായത്.
പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പശുക്കളെയും പരിശോധിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.
വേനല്‍ക്കാലത്ത് മറ്റു പുല്ലുകള്‍ കരിഞ്ഞുണങ്ങുന്ന സമയത്താണ് കന്നുകാലികള്‍ ഇത്തരം വിഷാംശമുള്ള സസ്യങ്ങള്‍ ആഹരിക്കുന്നത്. വിഷച്ചെടികളുടെ ഗന്ധം മൂലം കന്നുകാലികള്‍ ഇവ താനെ ഒഴിവാക്കുന്നതാണ്. എന്നാലും ഇത്തരം സസ്യങ്ങള്‍ ധാരാളമായി വളരുന്ന സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടുന്നത് ശ്രദ്ധിച്ചുവേണമെന്ന് കേരള വെറ്ററിനറി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിബു ജോണ്‍ പറഞ്ഞു. .