തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 66,320 രൂപയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.കഴിഞ്ഞ ദിവസമാണ് പവൻ വില ആദ്യമായി 66000 തൊടുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കൂടി 8290 രൂപയിലെത്തി.മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 6,783 രൂപയാണ്. വെള്ളിവില ഗ്രാമിന് 114 രൂപ.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73200 രൂപ വേണം. ഒരു ഗ്രാം (One Gram Gold Rate) ആഭരണത്തിന് ഇന്ന് ഏകദേശം 9300 രൂപ കൊടുക്കണം.ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.