ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇത് സംബന്ധിച്ച സമൻസ് ഇവർക്ക് ഇഡി കൈമാറിയെന്നാണ് വിവരം.
തേജ് പ്രതാപിനോടും റാബ്രി ദേവിയോടും ചൊവ്വാഴ്‌ച അന്വേഷണ ഏജൻസിയുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ലാലു പ്രസാദിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് സമൻസിൽ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, തേജ് പ്രതാപ്, മകൾ ഹേമ യാദവ് എന്നിവരെ ഡൽഹി കോടതി വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.
കേസുമായി ബന്ധപ്പെട്ട് റാബ്രി ദേവി അന്വേഷണ ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകും എന്നറിയിച്ചിട്ടുണ്ട്. ശേഷം അവിടെ ഉദ്യോഗസ്ഥർ അവരുടെ മൊഴി രേഖപ്പെടുത്തും. ലാലു പ്രസാദ് യാദവിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് 11ന് ഹാജരാകാൻ ഇവരോട് നിർദ്ദേശിച്ചിരുന്നു. ലാലുവിന്റെ ഇളയ മകനും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും കോടതി പുതിയ സമൻസ് അയച്ചിട്ടുണ്ട്. കേസിൽ 30 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 78 പേരെയാണ് സിബിഐ പ്രതി ചേർത്തത്. 2004നും 2009നും ഇടയിൽ ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ, ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്‌തികകളിലേക്ക് വ്യക്തികളെ നിയമിക്കുന്നതിനായി ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ കേസ് എടുത്തത്. ഇതിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളിൽ ഭാര്യയായ റാബ്രി ദേവി, പെൺമക്കൾ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്ക് വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ വർഷം റാബ്രി ദേവി, മിസ ഭാരതി, ഹേമ യാദവ് എന്നിവരെ പ്രതികളാക്കി ഇഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ആരോപണവിധേയമായ അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. 2022 മുതൽ അന്വേഷണം പുരോഗമിക്കുന്ന ഈ അഴിമതിയിൽ സിബിഐയും ഇഡിയും ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യുന്നതിന് രാഷ്‌ട്രപതി നേരത്തെ അനുമതി നൽകിയിരുന്നു.