ന്യൂഡല്‍ഹി: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കൊലപ്പെടുത്തി മൃതദേഹം ഡല്‍ഹിയിലെ കാഞ്ജവാല മേഖലയിലെ കൃഷിയിടത്തില്‍ തള്ളിയ 46കാരൻ അറസ്റ്റില്‍.
നന്ദ് കിഷോർ എന്നയാളാണ് അറസ്റ്റിലായത്. കഴുത്തറുത്തും പേപ്പർ കട്ടർ ബ്ലേഡ് ഉപയോഗിച്ച് കുത്തിയും നന്ദ് കിഷോർ മകളെ കൊലപ്പെടുത്തുകയായിരുന്നു.
16ന് രാത്രി ഒമ്ബത് മണിയോടെയാണ് ചാന്ദ്പൂർ ഗ്രാമത്തിലെ വയലില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതായി കഞ്ജവാല പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. പൊലീസ് എത്തി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ദുരഭിമാനത്തിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് പ്രതി നന്ദ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ട ആണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതി മകളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, മകള്‍ സമ്മതിക്കാതായതോടെ പേപ്പർ കട്ടർ എടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റ് കുഴഞ്ഞുവീണ മകളുടെ കഴുത്തറത്ത് പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോയി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പേപ്പർ കട്ടിംഗ് ബ്ലേഡ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.