പഠനത്തിന് വയസില്ലെന്ന് തെളിയിച്ച് വിർജീനിയ ഹിസ്‌ലോപ്പ്. തന്‍റെ 105ാമത്തെ വയസില്‍ സ്റ്റാൻഫോർഡ് സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ഇവർ.
വിർജീനിയ ഹിസ്‌ലോപ്പിന്‍റെ കലാലയ ജീവിതം ആരംഭിക്കുന്നത് 1936ലാണ്. 1940ല്‍ ഇവർ ബിരുദം പൂർത്തിയാക്കി. എന്നാല്‍, ബിരുദാനന്തര ബിരുദത്തിനായി വിർജീനിയ കാത്തിരുന്നത് നീണ്ട 83 വർഷമാണ്. ഫൈനല്‍ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ്ജ് ഹിസ്‌ലോപ്പുമായി ഇവരുടെ വിവാഹം നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് റിസർവ് ഓഫിസ് ട്രെയിനിങിലേക്ക് ഹിസ്‌ലോപ്പിന് പോകേണ്ടി വന്നതിനാല്‍ വിർജീനിയക്കും ഒപ്പം പോകേണ്ടി വന്നു. അങ്ങനെ തുടർപഠനം നടന്നില്ല.
നീണ്ട 83 വർഷത്തിന് ശേഷമാണ് വിർജീനിയ തന്‍റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഭർത്താവിന്‍റെ സൈനിക സേവനം പൂർത്തിയാകുന്നത് വരെ വിർജീനിയ കുടുംബ ജീവിതത്തിന് മുൻഗണന നല്‍കി. 83 വർഷത്തേക്ക് അക്കാദമിക് അഭിലാഷങ്ങളെല്ലാം മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്റ്റാൻഫോർഡിലേക്ക് മടങ്ങിയെത്തിയ വിർജീനിയ തന്‍റെ 105-ാമത്തെ വയസില്‍ സ്റ്റാൻഫോഡില്‍ നിന്ന് എം.എ പൂർത്തിയാക്കി. ഈ അപൂർവ നേട്ടത്തില്‍ വിർജീനിയയുടെ കുടുംബവും സ്റ്റാൻഫോഡ് സർവകലാശാലയിലുളളവരും ആഹ്ലാദത്തിലാണ്.