ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട കോളേജിന് പുറത്ത് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.

0
90

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട കോളേജിന് പുറത്ത് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.  നിഖില്‍ ചൗഹാന്‍ എന്ന 19 കാരനാണ് മരണപ്പെട്ടത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ വിദ്യാര്‍ത്ഥിയായ നിഖില്‍ തന്റെ ക്ലാസില്‍ പങ്കെടുക്കാനായി കോളേജില്‍ എത്തിയതായിരുന്നു. ഒരാഴ്ച്ച മുമ്പ് നിഖിലുമായി വഴക്കിട്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് നിഖിലിനെ കുത്തിയത്. നിഖിലിന്റെ കാമുകിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഇന്ന്, പ്രതിയായ വിദ്യാര്‍ത്ഥി തന്റെ മൂന്ന് കൂട്ടാളികളുമായി വന്ന് കോളേജ് ഗേറ്റിന് പുറത്ത് വെച്ച് നിഖിലിനെ കുത്തുകയായിരുന്നു. നിഖിലിനെ ഉടന്‍ തന്നെ മോത്തി ബാഗിലെ ചരക് പാലിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ പശ്ചിമ വിഹാര്‍ സ്വദേശിയാണ്.

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഡല്‍ഹിയിലെ ആര്‍കെ പുരം മേഖലയില്‍ രണ്ട് സഹോദരിമാര്‍ വെടിയേറ്റ് മരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് നിഖിലിന്റെ കൊലപാതകം നടന്നത് . ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്‍കെ പുരത്ത് രണ്ട് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമോ ഒത്തുതീര്‍പ്പിലെ പ്രശ്നമോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നാണ് പോലീസ് പറയുന്നത്. ഇരയുടെ സഹോദരനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നും എന്നാല്‍ തര്‍ക്കത്തിനിടെ അബദ്ധത്തില്‍ സ്ത്രീകള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുമെന്നുമാണ് പാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here