ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഈ പട്ടികയിൽ ഹോങ്കോങ്ങിനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയതായി ബ്ലൂംബർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 4.29 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികളുടെ മൊത്തം മൂല്യം.
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂല്യം ആദ്യമായി നാല് ട്രില്യൺ ഡോളർ കടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, ഈ മേഖലയിൽ ഉണ്ടായ ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇത്.
റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതും വിദേശ നിക്ഷേപകരിൽ നിന്നുള്ള പണമൊഴുക്കുമാണ് ഇന്ത്യൻ വിപണിക്ക് കൂടുതൽ ഉണർവേകിയത്. ചൈനക്ക് ബദലെന്ന നിലയിൽ ഇന്ത്യ ഉയർന്നു വന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമൂലം വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിലെ സുസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷവും അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്നതും ഈ വളർച്ചക്ക് കരുത്തേകിയെന്ന വിലയിരുത്തലുകളും ഉണ്ട്.
ചൈനയിലെ പല പ്രമുഖ കമ്പനികളും ഹോങ്കോങ്ങിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇടക്കാലത്ത് ഹോങ്കോങ്ങിലെ വിപണികളിൽ ഉണ്ടായ ഇടിവും ഇന്ത്യൻ ഓഹരികളിലെ തുടർച്ചയായ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് വിദഗ്ധർ പറയുന്നു.