ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍. പ്രിയ ഹിറ്റ്മാന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.
നാഗ്പൂരിലെ ഒറ്റ മുറിവീട്ടിലെ പട്ടിണിക്കാലത്ത് നിന്ന് ടീം ഇന്ത്യക്ക് രണ്ട് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകനിലേക്കുള്ള രോഹിത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തിരിച്ചടികളും തഴയലുകളും വന്‍ തിരിച്ചുവരവുകളുമെല്ലാം കൊണ്ട് സംഭവബഹുലമാണ് രോഹിതിന്റെ 18 വര്‍ഷം നീണ്ട കരിയര്‍. വൈറ്റ് ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല.
ഏകദിന ക്രിക്കറ്റിലെ മൂന്ന് ഇരട്ട സെഞ്ചുറികളും, ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടവുമെല്ലാം അതിന് സാക്ഷ്യമാണ്. ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പും അടുത്തിടെ ഐസിസി ചാന്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിച്ച് ഏക്കാലത്തെയും മികച്ച
ക്യാപ്റ്റന്മാരുടെ ലിസ്റ്റിലും തന്റേതായൊരു ഇരിപ്പിടം അയാള്‍ വലിച്ചിട്ടു.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രോഹിതിന്റെ ഫോമിനെക്കുറിച്ച് ആശങ്കകളുണ്ട്. വിരമിക്കണമെന്നുള്ള മുറവിളികളുണ്ട്. ഈ ഐപിഎല്ലിന്റെ തുടക്കത്തില്‍ അത് കൂടുതലായി. എന്നാല്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ തന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നെന്ന് രോഹിത് തെളിയിക്കുന്നു. കഴിഞ്ഞ തവണ കയ്യെത്തും ദൂരെ നഷ്ടമായ ഏകദിന ലോകകപ്പ് വീണ്ടും മോഹിക്കുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.