പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു;

0
52

പീച്ചി ഡാം റിസര്‍വോയറിൻ്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജൻ്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശൂര്‍ സെൻ്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.പീച്ചി ഡാമിൽ വീണ നാല് കുട്ടികളെ നാട്ടുകാരായിരുന്നു കരക്കെത്തിച്ചത്. തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിലായിരുന്നു ഇവർ.

ചികിത്സയ്ക്കിടെ പുലര്‍ച്ചെ 12:30 ഓടെയായിരുന്നു അലീനയുടെ മരണം. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.വെൻ്റിലേറ്ററിലുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പാറശ്ശേരി ആൻഗ്രേയ്‌സ് സജി (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ നിമ (13) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഇതില്‍ നിമ അപകടനില തരണം ചെയ്‌തു. നിമയുടെ സഹോദരി ഹിമയുടെ കൂട്ടുകാരികളാണ്‌ മറ്റുള്ളവർ.പെരുന്നാളാഘോഷത്തിന്‌ ഹിമയുടെ വീട്ടിൽ വന്നർ ഒരുമിച്ച് ഡാം പരിസരത്തേക്ക്‌ പോവുകയായിരുന്നു. ഹിമ അപകടത്തിൽപ്പെട്ടില്ല. ഹിമയുടെ കരച്ചിൽ കേട്ടാണ്‌ നാട്ടുകാർ ഓടിക്കൂടിയത്‌. തുടര്‍ന്ന് നട്ടുകാർ കുട്ടികളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്‌ച പകൽ മൂന്നിന്‌ തെക്കേക്കുളം അങ്കണവാടിക്കുസമീപമുള്ള റിസർവോയർ പ്രദേശത്താണ്‌ കുട്ടികൾ ഇറങ്ങിയത്‌.30 അടിയോളം താഴ്ചയുള്ള പ്രദേശത്താണ് അപകടം നടന്നത്.

ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ ചുമന്ന്‌ ആംബുലൻസിൽ എത്തിച്ചു.

മന്ത്രി കെ രാജൻ ആശുപത്രിയിൽ എത്തി വിദഗ്‌ധ ചികിൽസയ്‌ക്ക്‌ മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാനുൾപ്പടെ നിർദേശം നൽകിയിരുന്നു. അപകടമേഖലയിലാണ് പെണ്‍കുട്ടികള്‍ വീണതെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്നലെ പറഞ്ഞിരുന്നു. പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ അലീന മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here