12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള തിങ്കളാഴ്ച തുടങ്ങും. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ പൗഷ് പൂർണിമ സ്നാനത്തോടെയാണ് തുടക്കം. ഫെബ്രുവരി 26 ശിവരാത്രിദിനത്തിൽ മഹാ കുംഭമേള സമാപിക്കും. 40 കോടി പേർ മഹാ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ച് വലിയ സജ്ജീകരണങ്ങളാണ് ഉത്തർപ്രദേശ് ഒരുക്കിയിരിക്കുന്നത്.
ഗംഗ, യമുന, സരസ്വതി സംഗമിക്കുന്ന ത്രിവേണി സംഗമ സ്ഥലമാണ് പ്രയാഗ്‍രാജ്. ലോകത്തിൽ തന്നെ ഏറ്റവും അധികം പേർ ഒത്തുകൂടുന്ന സമ്മേളനമെന്നാണ് മഹാകുംഭമേള അറിയപ്പെടുന്നത്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ ജ്യോതിശാസ്ത്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് കുംഭമേള നടക്കുന്നത്. വ്യാഴത്തിന് സൂര്യന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 12 വർഷമാണ് വേണ്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂർണ കുംഭമേള സംഘടിപ്പിക്കുന്നത്.
ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും. 14ന് മകര സംക്രാന്തി ദിനത്തിലും, 29ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക.കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.
സനാതന ധർമ്മത്തിൻ്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മഹാ കുംഭമേളയ്ക്കായി മൊബൈൽ ആപ്പ് മുതൽ എഐ ചാറ്റ് ബോട്ട് വരെയുളള സംവിധാനങ്ങളാണ് യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്.