2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപക ധനസമാഹരണത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിൻ്റെ ക്രൗഡ് ഫണ്ടിങ് ക്യാംപയിനായ ‘ഡൊണേറ്റ് ഫോർ ദേശി’ന് (രാജ്യത്തിനായി സംഭാവന ചെയ്യൂ) എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് തുടക്കം കുറിക്കും.
കോൺഗ്രസിൻ്റെ 138-ാം വാർഷികം പ്രമാണിച്ച് 138ൻ്റെ ഗുണനഫലങ്ങളായ 138, 1,380, 13,800 എന്നിങ്ങനെ തുക സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ക്രൗഡ് ഫണ്ടിങ്ങിൽ പങ്കുചേരാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവർ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ തിലക് സ്വരാജ് ഫണ്ടിനെ മാതൃകയാക്കിയാണ് കോൺഗ്രസ് ‘ഡൊണേറ്റ് ഫോർ ദേശ്’ ക്യാംപയിൻ സംഘടിപ്പിക്കുന്നത്. പാർട്ടിയെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പ്രധാന ലക്ഷ്യം. കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inc.in, donateinc.in എന്നിവയിലൂടെയാണ് തുക സ്വീകരിക്കുക.
രാജ്യവ്യാപക ധനസമാഹരണത്തിന്റെ പ്രചാരണത്തിന് അതാത് സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരാണ് ഏകോപനം നൽകുക. വാർത്താസമ്മേളനങ്ങൾ സംഘടിപ്പിച്ചും ഓൺലൈനിലൂടെ പ്രചാരണം നടത്തിയും ഉൾപ്പെടെ ക്രൗഡ് ഫണ്ടിങ് വിജയിപ്പിക്കണമെന്നാണ് പിസിസി അധ്യക്ഷന്മാർക്ക് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.10 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വഴിയുള്ള ധനസമാഹരണം പാർട്ടിയുടെ സ്ഥാപക ദിനമായ ഡിസംബർ 28ന് സമാപിക്കും.
രണ്ടാം ഘട്ടമായി, വീടുകളിലേക്ക് ഇറങ്ങി ഒരു വീട്ടിൽനിന്ന് കുറഞ്ഞത് 138 രൂപ സമാഹരിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഒരു ബൂത്ത് കമ്മിറ്റി കുറഞ്ഞത് 10 വീടുകൾ കയറണമെന്നാണ് നിർദേശം.ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാർ, പിസിസി അധ്യക്ഷന്മാർ, എഐസിസിസി നേതാക്കൾ എന്നിവർ ചുരുങ്ങിയത് 1380 രൂപ പാർട്ടിയിലേക്ക് സംഭാവന നൽകണം.
ഇതുകൂടാതെ, അനുഭാവികളിൽ നിന്നടക്കം 1380 രൂപ മുതൽ 13,800 രൂപ വരെ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങുകളിൽ ഒന്നായിരുക്കും ഇതെന്നാണ് നേതൃത്വത്തിൻ്റെ അവകാശവാദം.