ആലപ്പുഴ: വേമ്ബനാട്ടുകായലില്‍ വിനോദസഞ്ചാരികളുമായി സവാരി നടത്തുന്നതിനിടെ ഹൗസ് ബോട്ട് മുങ്ങി.
അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത് സാഹസികമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കുട്ടനാട്ടിലെ പുളിങ്കുന്ന് റാണികായല്‍ ഭാഗത്തായിരുന്നു അപകടം.
മണല്‍ തിട്ടയില്‍ ഇടിച്ച ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവസമയത്ത് ഹൗസ് ബോട്ടില്‍ സഞ്ചാരികളായി തമിഴ്‌നാട് തൃശനാപ്പള്ളി ശ്രീരംഗത്ത് മത്തുകൃഷ്ണന്‍, ഭാര്യ ദീപിക, മകള്‍ ശാന്തി എന്നിവരാണുണ്ടായിരുന്നത്.
ഇവരെ സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ടുകളിലെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. യാതൊരു രേഖകളും ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
രാവിലെ കന്നിട്ട ഭാഗത്ത് നിന്നാണ് ഈ സംഘം യാത്ര ആരംഭിച്ചത്. കന്നിട്ട സ്വദേശി അനസ് വാടക്ക് എടുത്ത് സര്‍വീസ് നടത്തുന്ന ഈസ്‌റ്റേണ്‍ സെഫീന്‍ എന്ന പേരിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചഭക്ഷണത്തിന് ശേഷം യാത്ര ആരംഭിച്ചപ്പോള്‍ കായലില്‍ താഴ്ത്തിയിരുന്ന കുറ്റിയില്‍ തട്ടി ഹൗസ്‌ബോട്ടിന്റെ അടി പലകയ്ക്ക് വിള്ളലുണ്ടായി.
കരയില്‍ നിന്ന് 40മീറ്റര്‍ അകലെയെത്തിയപ്പോള്‍ ആഴംകുറഞ്ഞ ഭാഗത്തെ മണല്‍തിട്ടയില്‍ ഇടിക്കുകയും ഹൗസ്‌ബോട്ട് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഹൗസ്‌ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ താഴുന്നതിന് മുമ്ബ് സ്പീഡ് ബോട്ടുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് പുറമേ മൂന്ന് ജീവനക്കാരും ബോട്ടില്‍ ഉണ്ടായിരുന്നു. ആലപ്പുഴ ടൂറിസം പോലീസും പുളിങ്കുന്ന് പോലീസും എത്തുന്നതിന് മുമ്ബ് ഈ ജീവനക്കാര്‍ സ്ഥലംവിട്ടു.
ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍ സ്വദേശി എം.എസ് അഫ്‌സലിന്റെ ഉടമസ്ഥതയില്‍ 936/12എന്ന നമ്ബരില്‍ ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ നിന്ന് ആറ് യാത്രക്കാര്‍ കയറാവുന്ന ഹൗസ് ബോട്ടിന് രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു.
പിന്നീട് ഈ ഹൗസ് ബോട്ട് പൂന്തോപ്പ് വാര്‍ഡിലുള്ള ചാണ്ടി ഫിലിപ്പ് എന്നയാള്‍ക്ക് വിറ്റു. ഇയാളില്‍ നിന്ന് അനസ് ലീസിനെടുത്ത് സര്‍വീസ് നടത്തി വരികയായിരുന്നു. രജിസ്‌ട്രേഷന്‍ കാലവാവധി 2013 മാര്‍ച്ച് 11ന് തീര്‍ന്നെങ്കിലും പുതുക്കിയിട്ടില്ല. സര്‍വേ കാലാവധി 2015ഏപ്രില്‍ 25ന് അവസാനിച്ചു. പിന്നീട് 2018 ഫെബ്രുവരി 12ന് സര്‍വേ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സംവിധാനം ഇല്ലാത്തതിനാല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. 2000 ജനുവരി 31ന് ഇന്‍ഷുറന്‍സ് പരിരക്ഷയും അവസാനിച്ചു.