കേരളത്തിലെ ഡിഗ്രി പഠനം അടിമുടി മാറുന്നു; തിരഞ്ഞെടുത്ത വിഷയം വേണ്ടായിരുന്നെന്ന് തോന്നിയാല്‍ സിമ്ബിളായി മാറ്റാം.

0
41

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളില്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ പഠിക്കാൻ പ്രയാസമാണെങ്കില്‍ മറ്റ് വിഷയങ്ങളിലേക്ക് മാറാൻ അവസരം.

രണ്ട് സെമസ്റ്റർ പൂർത്തിയായ ശേഷമാവും മേജർ, മൈനർ വിഷയങ്ങള്‍ മാറ്റാൻ അവസരം ലഭിക്കുക.

സയൻസ് വിഷയങ്ങള്‍ മേജറാക്കിയവർക്ക് വേണമെങ്കില്‍ ആർട്സിലേക്കോ ഭാഷാവിഷയങ്ങളിലേക്കോ മാറാം. മൈനർ വിഷയങ്ങളായി സംഗീതമോ സാഹിത്യമോ വിദേശഭാഷകളോ പഠിക്കാം. കോഴ്സിനിടെ ഒരുതവണയേ ഈ മാറ്റം അനുവദിക്കൂ.

കേരള സർവകലാശാലയുടെ പഠന വകുപ്പുകളിലെ നാലു വർഷ ബിരുദപഠനത്തിന് 16 മേജർ കോഴ്സുകളും 51 മൈനർ കോഴ്സുകളുമുണ്ട്. കോളേജും യൂണിവേഴ്സിറ്റിയും മാറാനും അവസരമുണ്ടാവും. കോളേജുകളില്‍ ഇരുനൂറിലേറെ മൈനർ കോഴ്സുകളുണ്ടാവും. ഇഷ്ട കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ കോളേജ് തലത്തില്‍ കോഴ്സ് ബാസ്കറ്റ് സംവിധാനമുണ്ട്. സഹായത്തിന് അദ്ധ്യാപകർ കൗണ്‍സലർമാരാവും. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റ് പൂർത്തിയാക്കിയാല്‍ ബിരുദവും നാലുവർഷം കൊണ്ട് 177 ക്രെഡിറ്റ് പൂർത്തിയാക്കിയാല്‍ ഓണേഴ്സ് ബിരുദവും ലഭിക്കും.

കോളേജുകളില്‍ വിദ്യാർത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച്‌ കോമ്ബിനേഷൻ തിരഞ്ഞെടുക്കാം. നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍ നാലുവർഷ ബിരുദത്തില്‍ കെമിസ്ട്രിക്കൊപ്പം ഫിസിക്സോ ഇലക്‌ട്രോണിക്സോ സാഹിത്യമോ സംഗീതമോ കെമിസ്ട്രി മാത്രമായോ പഠിക്കാം.

രണ്ടാം സെമസ്റ്റർ വരെ ഒരു മേജർ, രണ്ട് മൈനർ കോഴ്സുകള്‍ നിർബന്ധമായി പഠിക്കണം. മൂന്നാം സെമസ്റ്റർ മുതല്‍ മേജറിലേക്ക് പഠനം കേന്ദ്രീകരിക്കുന്ന പാറ്റേണിലാണ് കോഴ്സ്. ഇവയ്ക്ക് പുറമെ ഭരണഘടന, ഭാഷാപ്രാവീണ്യം, ആശയവിനിമയം, കേരള സ്റ്റഡീസ് അടക്കം ഫൗണ്ടേഷൻ, മൂല്യവർദ്ധിത, നൈപുണ്യവികസന കോഴ്സുകള്‍ പഠനത്തിന്റെ ഭാഗമാവും.

മേജർ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ്. വിവിധ വിഷയങ്ങളില്‍ അവബോധമുണ്ടാക്കാനാണ് മൈനർ കോഴ്സുകള്‍. മേജർ, മൈനർ എന്നിവയില്‍ ഏത് വിഷയത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കാം. മൈനറില്‍ 24 ക്രെഡിറ്റ് നേടിയവർക്ക് ബിരുദാനന്തര ബിരുദം പഠിക്കാൻ യോഗ്യതയെന്നാണ് യു.ജി.സി ചട്ടം. ഇത് 12 ക്രെഡിറ്റായാലും മതിയെന്ന ഭേദഗതി വരുന്നുണ്ട്.

കോഴ്സിനുചേർന്നശേഷം ഓണ്‍ലൈൻ കോഴ്സുകളിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകളും ബിരുദകോഴ്സ് പൂർത്തിയാക്കാനുപയോഗിക്കാം.

യു.ജി.സി അംഗീകരിക്കുന്ന മൂക്, സ്വയം തുടങ്ങിയ പോർട്ടലുകളില്‍ നടത്തപ്പെടുന്ന കോഴ്സുകളുടെ പട്ടിക വാഴ്സിറ്റികള്‍ പരിഗണിക്കും. ലോകത്തെവിടെയും നടത്തുന്ന ഇത്തരം കോഴ്സുകള്‍ പഠിക്കാമെന്ന മെച്ചവുമുണ്ട്. മൂന്നാം വർഷം ബിരുദം നേടി എക്സിറ്റ് ഓപ്ഷനിലൂടെ കോഴ്സ് പൂർത്തിയാക്കാം. ഇവർ പി.ജി നേടാൻ 2 വർഷം പിന്നീട് പഠിക്കണം. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച്‌ ഡിഗ്രി ലഭിക്കും.

ഓണേഴ്സുണ്ടെങ്കില്‍ യു.ജി.സി ചട്ടത്തിന് വിധേയമായി പി.ജിയില്ലാതെ ഗവേഷണത്തിനും നെറ്റിനും അപേക്ഷിക്കാൻ യോഗ്യത നേടാം. ഓണേഴ്സ് നേടുന്നവർക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം. സമർത്ഥർക്ക് രണ്ടര വർഷം (5സെമസ്റ്റർ) കൊണ്ട് ഡിഗ്രിയും മൂന്നര വർഷം (7സെമസ്റ്റർ) കൊണ്ട് ഓണേഴ്സും നേടാം. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗമായിരിക്കും.

200 കോഴ്സുകളാണ് കേരള വാഴ്സിറ്റിയിലെ അഫിയിലേറ്റഡ് കോളേജുകളിലുള്ളത്

പ്രവേശനത്തിന് ജൂണ്‍ 7ന് വൈകിട്ട് 5വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 20ഓപ്ഷൻ വരെ തിരഞ്ഞെടുക്കാം. കോളേജുകളിലെ വിവരങ്ങള്‍ അതത് വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് കോളേജില്‍ ഹാജരാക്കണം. കാര്യവട്ടത്തെ പ്രവേശനത്തിന് ജനറല്‍, എസ്.ഇ.ബി.സിക്ക് 1000രൂപയാണ് ഫീസ്. പട്ടിക വിഭാഗത്തിന് 500രൂപ. കോളേജുകളില്‍ യഥാക്രമം 600, 300 രൂപയാണ് ഫീസ്. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/cssug2024/ , ഇ-മെയില്‍ cugs@keralauniversity.ac. ഫോണ്‍- 8304050588

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച്‌ വ്യത്യസ്തമായ കോഴ്സുകള്‍ പഠിക്കാം. കോളേജുകളില്‍ ഒരേ കോഴ്സ് പലരീതിയിലാണ് പഠിപ്പിക്കുക. ഗവേഷണത്തിനും തൊഴിലിനും അവസരം വർദ്ധിക്കും. വിദ്യാർത്ഥികള്‍ക്ക് ഗുണകരമായിരിക്കും മാറ്റങ്ങളെന്ന് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here