ദില്ലി: കൊവിഡ് രോഗം ബാധിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 76 ലക്ഷം കടന്നുവെന്നും രോഗമുക്തി നിരക്ക് 92 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. നേരത്തെ ഉയര്‍ന്ന തോതില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം കുറയുകയാണ്. കേരളം, ദില്ലി, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഒക്ടോബര്‍ മാസത്തില്‍ രോഗവ്യാപനം ഉയര്‍ന്നത്. ഉത്സവ സീസണ്‍ തുടരുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.