സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്.

0
51

പഞ്ചാബ് കിംഗ്‌സിനെ 4 വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസേഴ്‌സിന് 17 പോയന്റുണ്ട്. അടുത്ത കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടാല്‍ സണ്‍റൈസേഴ്‌സിന് ക്വാളിഫയര്‍ 1 കളിക്കാം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് ശേഷിക്കെ ഹൈദരാബാദ് മറികടന്നു.

ട്രാവിസ് ഹെഡ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും പിന്നീട് വന്നവരെല്ലാം ഹൈദരാബാദിനായി സിക്‌സര്‍ മഴ പെയ്യിക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ (66), രാഹുല്‍ ത്രിപാഠി (33), നിതീഷ് കുമാര്‍ റെഡ്ഡി (37), ഹെന്റിച്ച് ക്ലാസന്‍ (42) എന്നിവര്‍ ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തി. രണ്ടാം വിക്കറ്റില്‍ 72 റണ്‍സിന്റേയും മൂന്നാം വിക്കറ്റില്‍ 57 റണ്‍സിന്റയേും നാലാം വിക്കറ്റില്‍ 47 റണ്‍സിന്റേയും കൂട്ടുകെട്ടാണ് ഹൈദരാബാദ് ഇന്നിംഗ്‌സിന് നട്ടെല്ലായത്.

അഭിഷേക് ശര്‍മ്മ ആറ് സിക്‌സും അഞ്ച് ഫോറും നേടി വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. രാഹുല്‍ ത്രിപാഠി (4*4, 2*6), നിതീഷ് കുമാര്‍ (1*4, 3*6), ഹെന്റിച്ച് ക്ലാസന്‍ (3*4. 2*6) എന്നിവരും ബൗണ്ടറികള്‍ അടിച്ചുകൂട്ടി. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിന്റെ (71) പ്രകടനമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഥര്‍വ ടെയ്ഡ് (46), റീലി റോസ്സോ (49) എന്നിവരും പ്രഭ്സിമ്രാന് മികച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഒമ്പതോവറില്‍ 97 റണ്‍സാണ് ടെയ്ഡ്- പ്രഭ്സിമ്രാന്‍ സഖ്യം അടിച്ചെടുത്തത്.

27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു ടെയ്ഡിന്റെ ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ റോസ്സോയും താളം കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 54 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 45 പന്തില്‍ ഏഴ് ഫോറും നാല് സിക്സുമടക്കമാണ് പ്രഭ്സിമ്രാന്‍ സിംഗ് 71 റണ്‍സെടുത്തത്. പ്രഭ്സിമ്രാന്‍ പുറത്തായ ശേഷമെത്തിയവര്‍ക്ക് നിലയുറപ്പിക്കാനായില്ല.

ശശാങ്ക് സിംഗ് (2), അശുതോഷ് ശര്‍മ്മ (2) എന്നിവര്‍ വേഗം മടങ്ങി. 24 പന്തില്‍ മൂന്ന് ഫോറും നാല് സിക്സുമടക്കം 49 റണ്‍സെടുത്ത റോസോയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയതോടെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. ജിതേഷ് ശര്‍മ്മ 15 പന്തില്‍ രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സുമായി പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here