ക്രിസ്തുമസ് – പുതുവത്സരം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്സൈസും പോലീസും പരിശോധന ശക്തമാക്കി.
ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. താലൂക്ക് തല സ്‌ക്വാഡുകള്‍ ഡിസംബര്‍ 16 നകം രൂപീകരിക്കും.
ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതലകണ്‍ട്രോള്‍ റൂം, ജില്ലാതല സ്ട്രെക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചിട്ടുളളതും താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സും രൂപീകരിച്ചു. കര്‍ണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്‌മെൻ്റ് ഏജൻസികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനകളും, പോലീസിലെ കെ-9 ഡോഗ് സ്ക്വാഡുമായി ചേര്‍ന്ന് തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും.
എക്സൈസ്, പോലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും.