തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിരിയാണിയോട് അത്ര താത്പര്യമില്ലെന്നും അദ്ദേഹം ബിരിയാണി കഴിക്കുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കെ.ടി.ജലീല്‍ എംഎല്‍എ. ബിരിയാണി ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണമെത്തിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.
‘ബിരിയാണി കൊടുത്തയച്ച പാത്രത്തില്‍ മെറ്റലിന്റെ എന്തോ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തയച്ചു എന്ന് പറയുന്നതിലും ഭേദം എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതായിരുന്നു. കാരണം എനിക്ക് ബിരിയാണി നല്ല ഇഷ്ടമാണ്. മുഖ്യമന്ത്രിക്ക് ബിരിയാണി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് ബിരിയാണിയോട് അത്ര താത്പര്യവുമില്ല. പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്ന രൂപത്തില്‍ കളവ് പറയണം’ ജലീല്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ സ്വപ്ന സുരേഷിനെ സമീപിച്ച സംഭവം അന്വേഷിക്കണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. താന്‍ നേരത്തെ കൊടുത്ത കേസിന്റെ പരിധിയില്‍ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് ജലീല്‍ പറഞ്ഞു.
എന്തിനാണ് സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലത്. യുപി രജിസ്‌ട്രേഷനുള്ള വണ്ടിയില്‍, കേരളത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താന്‍ വരുന്നു എങ്കില്‍ അത് ഏത് പാര്‍ട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്ന് നമുക്ക് അറിയാലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. താന്‍ കൊടുത്ത കേസിന്റെ പരിധിയില്‍ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.