രഞ്ജി ട്രോഫി: മായങ്കിന്‍റെ സെഞ്ചുറിയിലൂടെ കേരളത്തിന് കര്‍ണാടകയുടെ തിരിച്ചടി

0
57

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടക മികച്ച സ്കോറിലേക്ക്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കര്‍ണാടക മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 218 റണ്‍സിലെത്തിയിട്ടുണ്ട്. 131 റണ്‍സുമായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും 48 റണ്‍സുമായി നിഖിന്‍ ജോസും ക്രീസില്‍. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ എട്ട് വിക്കറ്റ് ശേഷിക്കെ കര്‍ണാടക്ക് ഇനി 124റണ്‍സ് കൂടി മതി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മായങ്കും നിഖിനും ചേര്‍ന്ന് 127 റണ്‍സടിച്ചിട്ടുണ്ട്.

സ്പിന്നിനെ തുണക്കുമെന്ന് കരുതിയ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചില്‍ കേരളത്തിന്‍റെ സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നു ലഭിക്കാഞ്ഞതും കേരളത്തിന് തിരിച്ചടിയായി. ഇന്നലെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും മായങ്ക് അഗര്‍വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് കര്‍ണാടകയെ 91 റണ്‍സിലെത്തിച്ചു. 29 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി എം ഡി നിഥീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും നാലാം നമ്പറിലിറങ്ങിയ നിഖിന്‍ ജോസ് മായങ്കിന് മികച്ച കൂട്ടായതോടെ കേരളത്തിന് കൂടുതല്‍ വിക്കറ്റ് വീഴ്ത്തി കര്‍ണാടകയെ സമ്മര്‍ദ്ദത്തിലാക്കാനായില്ല.

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here