തിരുവനന്തപുരം: ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് വന്യമൃഗ വേട്ട അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് പരിസ്ഥിതി സംരക്ഷകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ മാധവ് ഗാഡ്ഗില്‍. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗാഡ്ഗിലിന്റെ പ്രതികരണം.
‘വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകം നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. ഇതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. ഇക്കാര്യം യുക്തിയ്ക്ക് നിരക്കുന്നതല്ലെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്ത് ഒരു രാജ്യങ്ങളും ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല,’ ഗാഡ്ഗില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ലൈസന്‍സോട് കൂടി നടത്തുന്ന വേട്ടയാടല്‍ വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക, ബ്രിട്ടണ്‍, ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ വന്യമൃഗങ്ങളെ വേട്ടയാടാന്‍ ജനങ്ങള്‍ക്ക് കഴിയും. ലൈസന്‍സോട് കൂടിയുള്ള വേട്ടയാടല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വരെയുണ്ട്. പ്രാദേശിക ജനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം വകവരുത്തേണ്ട വന്യമൃഗങ്ങളുടെ പട്ടിക വനംവകുപ്പ് തയ്യാറാക്കേണ്ടതാണ്. അതിനനുസരിച്ചാകണം ലൈസന്‍സ് നല്‍കേണ്ടത്,’ ഗാഡ്ഗില്‍ പറഞ്ഞു.
അതേസമയം നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മനുഷ്യജീവന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ തദ്ദേശീയരെ പ്രാപ്തരാക്കുന്ന ജൈവവൈവിധ്യ നിയമം ഇന്ത്യയില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഭേദഗതികള്‍ക്കെതിരെ മുന്നോട്ടുവരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനവിരുദ്ധ സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വന്യജീവി സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഒന്നിലാണ് കടുവകളുടെ സംരക്ഷണത്തെപ്പറ്റി പറയുന്നത്. നിലവില്‍ കടുവകളുടെ എണ്ണം കുറവായ മറ്റ് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലേക്കോ ദേശീയ ഉദ്യാനങ്ങളിലേക്കോ കടുവകളെ പുനരധിവസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേരളത്തിലെ കുറച്ച് കടുവകളെ രാജസ്ഥാനിലെ സരിസ്‌ക ദേശീയോദ്യാനത്തിലേക്ക് മാറ്റാവുന്നതാണ്. മറ്റ് ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം വേട്ടയാടല്‍ നയത്തെ പിന്തുണയ്ക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വയനാട് വനമേഖലയില്‍ ഉണ്ടായ മാറ്റമാണ് ഇപ്പോഴുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു വയനാട് വന സംരക്ഷണ മേഖലയില്‍ കാടിന്റെ വിസ്തൃതി വളരെ കുറവാണ്. കൂടാതെ മുതുമലൈ, ബന്ദീപ്പൂര്‍, നാഗര്‍ഹോളെ തുടങ്ങിയ വനമേഖലയിലെ ജലദൗര്‍ലഭ്യം വന്യമൃഗങ്ങളെ വയനാടന്‍ കാടുകളിലേക്ക് ആകര്‍ഷിക്കുന്നുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാൽ വയനാട്ടില്‍ കടുവകളുടെ ശല്യം രൂക്ഷമാകുന്ന എന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷന്‍ എന്‍ ബാദുഷ പറഞ്ഞത്. 2012 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ആറ് പേര്‍ മാത്രമാണ് കടുവയുടെ ആക്രമണത്തിരനായത്. എന്നാല്‍ ഇവയില്‍ നാല് മരണവും സംഭവിച്ചത് കാടിനുള്ളില്‍ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.