ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി. ബുധനാഴ്ച മന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇഡിയുടെ നടപടിക്കിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെന്തിലിന്റെ അറസ്റ്റിന് പിന്നാലെ ഡിഎംകെ നേതൃത്വം തിരക്കിട്ട നീക്കങ്ങളിലാണ്. അറസ്റ്റ് ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച പാര്‍ട്ടി നിയമപോരാട്ടം നടത്തുമെന്ന് അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയത്തെ പാര്‍ട്ടി ഭയപ്പെടുന്നില്ലെന്നും ഡിഎംകെ അറിയിച്ചു.
ഇതിനിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു. നിയമവിദഗ്ധരുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തും.
ഓമണ്ടുരാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍ ബാലാജി. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടിന് പുറമെ കരൂരിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആദായനികുതി ഉദ്യോഗസ്ഥരും സെന്തിലിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി.