ഹരിയാനയിലെ കുരുക്ഷേത്രയിലെ കര്‍ഷക പ്രതിഷേധം അവസാനിപ്പിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സൂര്യകാന്തി വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കണമെന്നും കഴിഞ്ഞയാഴ്ച ഷഹാബാദില്‍ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഒമ്പത് കര്‍ഷക യൂണിയന്‍ നേതാക്കളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് കര്‍ഷകരാണ് പിപ്ലിക്ക് സമീപം ദേശീയപാത-44 ഉപരോധിച്ചത്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് 24 മണിക്കൂറിലധികം നീണ്ട പ്രതിഷേധത്തില്‍ പങ്കെടുത്തത്.
‘ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുകയാണ്. അടച്ചിട്ട റോഡുകള്‍ ഇന്ന് തുറക്കും. ഞങ്ങളുടെ വിളകള്‍ മിനിമം താങ്ങുവിലയ്ക്ക്(എം.എസ്.പി) വാങ്ങുന്നതിനായാണ് പ്രതിഷേധിച്ചത്. എം.എസ്.പിക്ക് വേണ്ടി രാജ്യത്തുടനീളം ഞങ്ങള്‍ പോരാടും. ഞങ്ങളുടെ നേതാക്കളെ ഉടന്‍ വിട്ടയക്കും. ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ കേസെടുത്തത് പിന്‍വലിക്കുകയും ചെയ്യും’, രാകേഷ് ടികായത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൂര്യകാന്തി വിളകള്‍ക്ക് സര്‍ക്കാര്‍ എംഎസ്പി പ്രഖ്യാപിക്കുന്നത് വരെ കുരുക്ഷേത്രയില്‍ കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുന്നത് തുടരുമെന്ന് രാകേഷ് ടികൈത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രാദേശിക ഭരണകൂടവും സര്‍ക്കാരും കര്‍ഷക സംഘടനകളുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്പി മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, അതായത് ക്വിന്റലിന് 6,400 രൂപ. ഹരിയാനയില്‍ എന്തുകൊണ്ട് ഇത് നിഷേധിക്കപ്പെടുന്നു?’ അദ്ദേഹം ചോദിച്ചു.
ഇതിനിടെ, ഉപരോധം പിന്‍വലിക്കാന്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണെന്നും കുരുക്ഷേത്ര പോലീസ് സൂപ്രണ്ട് എസ്എസ് ഭോരിയ പിടിഐയോട് പറഞ്ഞു. ദേശീയ പാത ഉപരോധിച്ചതിന് സമരക്കാര്‍ക്കെതിരെ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എംഎസ്പി നല്‍കൂ, കര്‍ഷകരെ രക്ഷിക്കൂ മഹാപഞ്ചായത്ത്’ എന്ന പേരിലാണ് ബികെയു ആഹ്വാനം ചെയ്ത പ്രതിഷേധം എന്‍എച്ച്-44 ന് സമീപമുള്ള പിപ്ലിയിലെ ഒരു ധാന്യ മാര്‍ക്കറ്റില്‍ നടന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചത്.