ന്യൂഡല്‍ഹി | സൈനികര്‍ക്ക് ഒപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ ലോങ് വാല പാസിലെ സൈനികര്‍ക്ക് ഒപ്പമായിരുന്നു ഇത്തവണ പ്രധാനമന്ത്രിയുടെ ആഘോഷം. നിങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേരാനാണ് താന്‍ എത്തിയതെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആശംസകള്‍ നിങ്ങള്‍ക്കുണ്ടെന്നും സൈനികരെ അഭിസംഭോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രിയായി മോദി അധികാരമേറ്റത് മുതല്‍ എല്ലാ ദീപാവലിക്കും സൈനികരെ സന്ദര്‍ശിക്കുന്നത് പതിവാണ്. കൊവിഡ് കാലത്തും പ്രധാനമന്ത്രി ആ പതിവ് തെറ്റിച്ചില്ല.
നിങ്ങള്‍ മഞ്ഞുമൂടിയ മലനിരകളിലലോ മരുഭൂമിയിലോ ആവട്ടെ, നിങ്ങള്‍ ഒരാളായി നില്‍ക്കുമ്ബോള്‍ മാത്രമേ എന്റെ ദീപാവലി ആഘോഷം പൂര്‍ണമാവുകയുള്ളൂ.നിങ്ങളുടെ മുഖത്തെ സന്തോഷം കാണുമ്ബോള്‍ എന്റെ സന്തോഷം ഇരട്ടിക്കും. രാജ്യത്തെ ഓരോ പൗരനും നിങ്ങളില്‍ അഭിമാനം കൊള്ളുന്നു. രാജ്യാതിര്‍ഥികള്‍ കാക്കുന്നതില്‍ നിന്ന് ധീരരായ നമ്മുടെ സൈനികളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല – പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സായുധ സേന ശത്രുക്കളുമായി ഇടപെടാന്‍ പ്രാപ്തരാണ് എന്നതിനൊപ്പം തന്നെ ദുരന്തസമയത്ത് ആളുകളെ സഹായിക്കാനും അവര്‍ മുന്‍പന്തിയിലാണ്. കൊവിഡ് മൂലം മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുന്നതില്‍ വ്യോമസേനയും നാവികസേനയും വഹിച്ച പങ്ക് പ്രശംസനീയമാണെന്നും പ്രധനമന്ത്രി പറഞ്ഞു.
ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, സൈനിക മേധാവി എംഎം നരവനെ, ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.