ന്യൂഡൽഹി• നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യംചെയ്യൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഈ മാസം 13നു ഡൽഹിയിലെത്താൻ പാർട്ടി എംപിമാർക്കു കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകി.
ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാർട്ടി നേതാക്കളും അണിനിരക്കും. ഇഡി നടപടി ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സത്യവും പ്രതികാര രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായി വിഷയത്തെ ചിത്രീകരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ മുൻനിരയിലേക്കു രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള അവസരമായും കോൺഗ്രസ് ഇതിനെ കാണുന്നു.
ഇഡി നടപടിക്കെതിരായ പ്രതിഷേധത്തിനു രൂപം നൽകാൻ പാർട്ടി ജനറൽ സെക്രട്ടറിമാർ, പിസിസി പ്രസിഡന്റുമാർ എന്നിവർ ഇന്ന് ഓൺലൈൻ യോഗം ചേരും. കോവിഡ് ബാധിച്ച സോണിയ ഗാന്ധി ചോദ്യംചെയ്യലിനു ഹാജരാവാൻ ഇഡിയോട് മൂന്നാഴ്ചത്തെ സാവകാശം തേടി.