കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണ കേസിൽ ഇന്ത്യയ്ക്ക് പുറത്തുള്ള തെളിവിനായി ആവിശ്യമായ അനുമതി ഹാജരാക്കുവാൻ പൊലീസിനോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ വിദേശ രാജ്യത്തിൽ നിന്നുള്ള തെളിവുകൾ കൈമാറുവാൻ ആവശ്യമായ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ഹാജരാക്കുവാനാണ് പൊലീസിനോട് ഫേസ്ബുക്ക് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയുള്ള സൈബർ ആക്രമണത്തിന് കൊച്ചി സൈബർ പൊലീസ് കേസ് എടുത്തത്. കേസിന്റെ അന്വേഷണ ഭാഗമായി അധിക്ഷേപ പോസ്റ്റുകളുമായി ബന്ധപ്പെട്ട തെളിവുകൾ നൽകുവാൻ സൈബർ പൊലീസ് ഫേസ് ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ട് പല തവണ അന്വേഷണ ഉദ്യോഗസ്ഥൻ ഫേസ്ബുക്കിന് കത്തും നൽകി.
ജഡ്ജിയ്ക്ക് എതിരായ അധിക്ഷേപ കമന്റുകൾ വിദേശ രാജ്യങ്ങളിൽ നിന്നും വന്നതായും പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ ഭാഗമായി രാജ്യത്തിന് പുറത്ത് നിന്നുള്ള തെളിവുകൾ കൈമാറണമെങ്കിൽ ഇന്ത്യയിലെ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ഫേസ്ബുക്കിന് ആവിശ്യമാണ്. ഇതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യം കോടതിയുടെ അനുമതി വാങ്ങി ശേഷം കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കുവാനാണ് കൊച്ചി സൈബർ പൊലീസിനോട് ഫേസ്ബുക്ക് ഔദ്യോഗികമായി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് നിന്ന് സൈബർ കുറ്റകൃത്യങ്ങൾ ചെയ്‌താൽ പിടികൂടുവാൻ കഴിയില്ലെന്ന് തെറ്റിദ്ധരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ആസൂത്രിതമായി ചെയ്യുന്നവരുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിലെ തെളിവുകൾ കൈമാറുവാൻ ഇന്ത്യ ഗവൺമെന്റിന്റെ അനുമതിക്കായി റോഗറ്ററി കത്തിനായുള്ള നടപടികളാണ് ചെയ്യേണ്ടത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയുള്ള സൈബർ ആക്രമണ കേസ് നിലവിൽ കൊച്ചി അസി. പൊലീസ് കമ്മീഷണർ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
പൊതു സ്ഥലങ്ങളിലെ അനധികൃത ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുവാൻ അധികൃതർ സംസ്ഥാനത്ത് നടപടി സ്വീകരിച്ച് തുടങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ജഡ്ജിയ്ക്ക് എതിരെ വളരെ മോശപ്പെട്ട പരാമർശവുമായി സൈബർ ഇടങ്ങളിലൂടെ രംഗത്ത് വന്നു. ഇതിനെതിരെ അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതി നൽകിയതോടെ കൊച്ചി സൈബർ പൊലീസ് കേസ് എടുക്കുകയായിരുന്നു.