തിരുവനന്തപുരം: സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് ആറു കേസുകൾ രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം നടത്തിവന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽവച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
ക്ലീൻ ചിറ്റ് നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച മുഴുവൻ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എ.പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അബ്ദുള്ളക്കുട്ടി സിബിഐ നടപടിയെ കുറിച്ച് പ്രതികരിച്ചത്.
സോളാർ പീഡന പരാതി സിബിഐ ക്ലീൻചിറ്റ് നൽകിയതിനെ തുടർന്ന് എന്റെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകാരും വിളിച്ചു…പക്ഷേ എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല എന്നോട് ക്ഷമിക്കുക… എനിക്ക് പുതുതായി ഒന്നും പറയാനില്ല … അന്ന് ഈ പരാതി വന്ന ഉടനെ കേരളത്തിലെ മാധ്യമപ്രവർത്തകരോട് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? അതേ വാചകം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്.
“എൻറെ രണ്ടു മക്കളാണേ …സത്യം ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല” ഇതായിരുന്നു അന്നത്തെ എന്റെ പ്രതികരണം പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച് ഞാൻ എവിടെയും പറയാൻ മെനക്കെട്ടിട്ടില്ല
ഇപ്പോൾ സത്യം വിജയിച്ചു ആശ്വാസമായി …. ഇന്ന് വാർത്ത ചാനലുകളിൽ ബ്രേക്കിംഗ് ആയി വാർത്ത വന്ന ഉടനെ ഞാൻ വിളിക്കാൻ ശ്രമിച്ചത് എന്റെ മകളെയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇത്തരം വാർത്തകൾ മാധ്യമങ്ങൾ വല്ലാതെ പൊലിപ്പിച്ചു കൊടുക്കുന്നതിനുള്ള വിമർശനം പൊതുവിലുണ്ട് പക്ഷേ എന്റെ അഭിപ്രായം മാധ്യമങ്ങളെ അങ്ങനെ പൂർണമായി കുറ്റപ്പെടുത്താൻ പറ്റില്ല അത് നമ്മുടെ ജനാധിപത്യത്തിൻറെ ശക്തി മാത്രമല്ല സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം മര്യാദാ പുരോഷാത്തമൻ ശ്രീരാമ ഭഗവാന്റെ നാടാണ് സീതാ ദേവീ പോലും സംശയത്തിനധീതമാവണം അതാണ് ധർമ്മം അതാണ് ഭാരതം നമ്മളെ പഠിപ്പിച്ചത്…. അതുകൊണ്ട് പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്കെതിരെ വിമർശങ്ങളെ വരുമ്പോൾ അത് സംശയാതീതമായി തെളിയിക്കപ്പെടണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.