പ്രക്ഷേപണ രം​ഗത്ത് നാൽപ്പതിന്റെ നിറവിൽ എസ്കെഎൻ; ലഹരിവിരുദ്ധ സന്ദേശവുമായി ഞായറാഴ്ച മുതൽ കേരള പര്യടനം

0
41

മലയാളിയുടെ ആദ്യ ടെലിവിഷൻ സംവാദകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രക്ഷേപണ രം​ഗത്ത് നാല്‍പ്പതിന്റെ നിറവില്‍. അതുല്യമായ ആ മാധ്യമജീവിതത്തെ തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള റോഡ്ഷോയിലൂടെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ട്വന്റിഫോര്‍. മാര്‍ച്ച് 16 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. നാല് പതിറ്റാണ്ടായി മലയാളിയുടെ വാര്‍ത്താ മുറിയിൽ ഊര്‍ജസ്വലതയുടെ നാവും മുഖവുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ 14 ജില്ലകളിലും പര്യടനം നടത്തും.

മലയാള മാധ്യമരംഗത്തെ എല്ലാ മാറ്റങ്ങള്‍ക്കൊപ്പവും സഞ്ചരിച്ചിട്ടുള്ള വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആര്‍ ശ്രീകണ്ഠന്‍ നായര്‍. വാര്‍ത്താ അവതരണത്തിലും റിപ്പോര്‍ട്ടിങ്ങിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും വാര്‍ത്തകളുടെ സൂക്ഷ്മാമംശങ്ങള്‍ വിശദീകരിക്കാന്‍ സാങ്കേതികവിദ്യയുടെ നൂതന സാധ്യതകൾ ഉപയോ​ഗപ്പെടുത്താനും ട്വന്റിഫോറിന് കരുത്തായത് ആര്‍ ശ്രീകണ്ഠന്‍ നായരുടെ അനുഭവസമ്പത്താണ്.

വാര്‍ത്തകളെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ, ദുരിതമനുഭവിക്കുന്നവരെ ട്വന്റിഫോര്‍ കണക്ടിലൂടെ ചേര്‍ത്ത് നിര്‍ത്താനും ശ്രീകണ്ഠന്‍ നായര്‍ക്ക് സാധിച്ചു. നാല്‍പതിന്റെ നിറവില്‍ നേരിട്ട് പ്രേക്ഷകരെ കാണാനെത്തുമ്പോള്‍ സമൂഹത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ തന്നെയാണ് എസ്കെഎൻ ചർച്ചയാക്കുന്നത്. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും. ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും.

രാസലഹരി ഉപയോഗം പോലുള്ള വിപത്തുകളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്ന ജനകീയ വേദിയായിരിക്കും എസ്കെഎൻ40 റോഡ് ഷോ. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ഒരു റിപ്പോര്‍ട്ടായി മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് വകുപ്പ് മന്ത്രിയ്ക്കും കൈമാറും. സാധാരണ ജനങ്ങളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും പരമാവധി ഏകോപിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. റോഡ് ഷോയുടെ ഉദ്ഘാടന ദിവസമായ ഞായറാഴ്ച ആറ് മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സിതാരയുടേയും പ്രൊജക്ട് മലബാറികസിന്റേയും സംഗീത പരിപാടിയുമുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here