ജിദ്ദ: തുര്‍ക്കിയ, സിറിയ എന്നിവിടങ്ങളില്‍ ഭൂകമ്ബത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായമെത്തിക്കാന്‍ സൗദി അറേബ്യ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം.
സൗദി എയര്‍ലൈന്‍സിന് കീഴിലെ കാര്‍ഗോ വിമാനങ്ങള്‍ക്ക് പുറമെയാണ് ഭൂകമ്ബ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കുന്നതിന് ‘ആന്റൊനോവ് 124’ എന്ന ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനത്തിന്റെറ സഹായം സൗദി അറേബ്യ തേടിയിരിക്കുന്നത്. സിറിയയിലും തുര്‍ക്കിയയിലും ഭൂകമ്ബം ബാധിച്ചവരെ സഹായിക്കുന്നതിന് ടണ്‍കണക്കിന് വസ്തുക്കളാണ് ഇതിനകം സൗദി അറേബ്യ അയച്ചത്. കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം നടത്തുന്ന സൗദി റിലീഫ് ബ്രിഡ്ജിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍, ടെന്‍റുകള്‍, പുതപ്പുകള്‍, ഷെല്‍ട്ടര്‍ ബാഗുകള്‍, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ അയക്കുന്നതിലുള്‍പ്പെടും. കൂടാതെ റെസ്ക്യൂ, ഹെല്‍ത്ത് ടീമുകളെയും ഭൂകമ്ബബാധിത പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
മുന്‍ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഉക്രെയ്നില്‍ 1980 കളില്‍ രൂപകല്‍പന ചെയ്ത വിമാനമാണ് ആന്റൊനോവ് 124. വിമാനത്തിന് 69 മീറ്റര്‍ നീളമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 865 കിലോമീറ്ററാണ്. 88 യാത്രക്കാരെയും വിമാനത്തിനുള്‍ക്കൊള്ളാനാകും. രണ്ട് ചിറകുകള്‍ തമ്മിലുള്ള ദൂരം 73.3 മീറ്ററാണ്, ഉയരം 20.78 മീറ്ററാണ്. നാല് തരം എന്‍ജിനുള്ള വിമാനത്തില്‍ കയറ്റാവുന്ന ഭാരം 2,30,000 കിലോ ആണ്. വിമാനത്തിന്റെ ഭാരം ഉള്‍പ്പെടെ പരമാവധി 4,05,000 കിലോ വരെയാണ് ഭാരം വഹിക്കാനാവുക.