ലോകത്ത് ഒരിടത്തും ഭാഷയ്‌ക്കോ, വേഷത്തിനോ വേറിട്ട് നിർത്താൻ കഴിയാത്ത ഒന്നാണ് കല. അതിപ്പോൾ സാഹിത്യമായാലും,സിനിമയായാലും നാടകമായാലും അവ പ്രേക്ഷകരെ എക്കാലവും ഒരുമിച്ച് നിർത്തുന്നതാണ്. അവിടെ ഭാഷ, ദേശം, ലിംഗം എന്നിവയെല്ലാം അപ്രസക്തമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പഴയ കലാ വിഭാഗത്തിലൊന്നും, എന്നാൽ അതിലേറെ വൈവിധ്യമുള്ളതുമാണ് നാടകങ്ങൾ. അതുകൊണ്ട് തന്നെയാണ് മാർച്ച് 27 ലോക നാടക ദിനമായി ആചാരിക്കുന്നതിന് പ്രാധാന്യം ഏറുന്നത്.
ഒരു കാലത്ത് നാടകങ്ങൾ സമൂഹത്തിന് തുറന്ന് നേരെ പിടിച്ച കണ്ണാടിയായിരുന്നു. മനുഷ്യന്റെ വളർച്ചയെ, അവന്റെ മുന്നോട്ടുള്ള പ്രയാണത്തെ അടയാളപ്പെടുത്തുമ്പോൾ അതിൽ നാടകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. രംഗത്ത് അവതരിപ്പിക്കുന്ന കഥകളെല്ലാം ജീവൻ തുടിക്കുന്ന സാഹിത്യ സൃഷ്‌ടികളായിരുന്ന മുൻകാലത്തെ അപേക്ഷിച്ച് ഇന്ന് അവയ്ക്ക് ആഴം കുറഞ്ഞിരിക്കുന്നു.
ഒരുപക്ഷെ, സിനിമാ വ്യവസായത്തിനൊപ്പം, വെബ് സീരീസ്-ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ സ്വീകരണ മുറികൾ കൈയടക്കി തുടങ്ങിയതോടെ നാട്ടിലെ നാടക വേദികൾ പലതും അപ്രത്യക്ഷമായി കഴിഞ്ഞു. സിനിമയുടെ ഗ്ലാമർ ഇല്ലാത്ത നാടകങ്ങൾക്ക് മുൻപ് വലിയൊരു കൂട്ടം ആസ്വാദകർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അവരും പല വഴിയെ പിരിഞ്ഞുപോയി. നാടക പ്രവർത്തകരും, ഈ രംഗത്തെ മറ്റ് സാങ്കേതിക പ്രവർത്തകരും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താതെ വന്നതോടെ പലരും വേദി ഉപേക്ഷിച്ചു പോയി.
ജി ശങ്കരപ്പിള്ള, തോപ്പിൽ ഭാസി, കാവാലം നാരായണപണിക്കർ, കെടി മുഹമ്മദ് തുടങ്ങി പ്രഗത്ഭരുടെ നിര മലയാള നാടക വേദികൾക്ക് നിറം നൽകിയ പഴയ കാലത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ന് ജനകീയ മുഖങ്ങൾ കുറവാണ്. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ വലിയ സമിതികൾ അന്ന് നമുക്കുണ്ടായിരുന്നു. ഇത്രയൊക്കെ ആണെങ്കിലും ഇന്നും നാടകത്തിന് വേദനി ഉഴിഞ്ഞുവച്ച ജീവിതങ്ങൾ നമ്മളറിയാതെ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അർഹിച്ച അംഗീകാരമോ, വേദികളോ അവർക്ക് മുന്നിൽ തുറന്നിടുന്നില്ലെന്ന് മാത്രം.
കേരള ചരിത്രത്തിൽ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് മാറ്റങ്ങൾക്ക് വഴിമരുന്നിട്ട നാടക പ്രസ്ഥാനങ്ങൾ ഒരിക്കലും വിസ്‌മരിക്കപ്പെടാൻ പാടില്ലാത്തതാണ്. എന്തിനേറെ പറയുന്നു, സ്വാതന്ത്ര്യാനന്തരം കേരളത്തിൽ വിപ്ലവ സംഘടനകളുടെ മുഖമായതും കെപിഎസി പോലെയുള്ള നാടക സംഘങ്ങളായിരുന്നു. ഇന്ന് ലോക നാടക ദിനത്തിൽ ഒരിക്കൽ കൂടി നമുക്ക് ഓർത്തെടുക്കാം, പോയ കാലത്തിന്റെ ചരിത്രത്തിൽ മൺമറഞ്ഞുപോയ ഒട്ടനേകം പ്രതിഭകളെയും, സൃഷ്‌ടികളെയും…