
ഇതു രണ്ടാം തവണയാണ് സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും സൗത്താഫ്രിക്കയെ അവര്‍ വീഴ്ത്തിയിരുന്നു. ഇതു സൗത്താഫ്രിക്കയ്ക്കു സെമി ഫൈനലില്‍ സ്ഥാനം നഷ്ടമാക്കുകയും ചെയ്തു. മഴ കാരണം 43 ഓവറുകളാക്കി വെട്ടിക്കുറച്ച ഇന്നത്തെ മല്‍സരത്തില്‍ 246 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഡച്ച് ടീം നല്‍കിയത്.
പക്ഷെ ശക്തമായ ബാറ്റിങ് നിരയുള്ള സൗത്താഫ്രിക്ക ഡച്ച് ബൗളിങ് ആക്രമണത്തില്‍ പതറി. നാലു വിക്കറ്റിനു 44 റണ്‍സിലേക്കും ആറു വിക്കറ്റിനു 109 റണ്‍സിലേക്കും കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ 207 റണ്‍സിനു സൗത്താഫ്രിക്ക കീഴടങ്ങി. ഡേവിഡ് മില്ലര്‍ (43), വാലറ്റത്ത് കേശവ് മഹാരാജ് (40) എന്നിവരുടെ ഇന്നിങ്‌സുകള്‍ സൗത്താഫ്രിക്കയുടെ പരാജയഭാരം കുറയ്ക്കുകയായിരുന്നു.
ഡച്ച് ടീമിനായി ലോഗന്‍ വാന്‍ബീക്ക് മൂന്നു വിക്കറ്റുകളെടുത്തു. പോള്‍ വാന്‍മീക്കെറന്‍, റോള്‍ഫ് വാന്‍ഡര്‍മെര്‍വ്, ബാസ് ഡിലീഡെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.നേരത്തേ നെതര്‍ലാന്‍ഡ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 43 ഓവറില്‍ 245 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഹീറോയായത്. ഏഴാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 78 റണ്‍സുമായി ടീമിന്റെ നെടുംതൂണായി മാറി. 69 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സലില്‍ 10 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
വാലറ്റത്ത് ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ് നെതര്‍ലാന്‍ഡ്‌സിനെ 245 വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറി. വെറും ഒമ്പതു ബോളില്‍ പുറത്താവാതെ 22 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 19 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 29 റണ്‍സെടുത്ത റോള്‍ഫ് വാന്‍ഡര്‍മെര്‍വും ഡച്ച് ബാറ്റിങ് നിരയില്‍ മിന്നിച്ചു. ടോപ് സിക്‌സില്‍ ഒരാള്‍ക്കു പോലും 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനായിരുന്നില്ല.നെതര്‍ലാന്‍ഡ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടു റണ്‍സിനിടെ ഓപ്പണര്‍മാരായ വിക്രംജിത് സിങ് (2), മാക്‌സ് ഒഡൗഡ് (18) എന്നിവരെ അവര്‍ക്കു നഷ്ടമായി.
16 ഓവറാവുമ്പോഴേക്കും രണ്ടു വിക്കറ്റ് കൂടി കൈവിട്ട അവര്‍ നാലിനു 59 റണ്‍സിലേക്കു വീണു. തുടര്‍ന്നും അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
34ാം ഓവറിലെത്തിയപ്പോള്‍ നെതര്‍ലാന്‍ഡ്‌സ് ഏഴിനു 140 റണ്‍സെന്ന നിനിലയിലായിരുന്നു. 200 റണ്‍സ് പോലും അവര്‍ തികയ്ക്കുമോയെന്ന കാര്യം സംശയമായിരുന്നു. തുടര്‍ന്നായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയ കൂട്ടുകെട്ട് കണ്ടത്. എട്ടാം വിക്കറ്റില്‍ വാന്‍ഡര്‍മെര്‍വിനെ കൂട്ടുകിടിച്ച് എഡ്വാര്‍ഡ്‌സ് 64 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ നെതര്‍ലാന്‍ഡ്‌സ് 200 റണ്‍സ് പിന്നിടുകയായിരുന്നു. 40ാം ഓവറിലെ അവസാന ബോളിലാണ് വാന്‍ഡര്‍മെര്‍വ് പുറത്താവുന്നത്.
എന്നാല്‍ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ എഡ്വാര്‍ഡ്‌സ്- ദത്ത് സഖ്യം 41 റണ്‍സ് വാരിക്കൂട്ടിയതോടെ നെതര്‍ലാന്‍ഡ്‌സ് അപ്രതീക്ഷിത ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. നേരത്തേ 100 റണ്‍സിനു മുകളില്‍ മാര്‍ജിനിലാണ് ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സൗത്താഫ്രിക്കന്‍ ടീം ജയിച്ചുകയറിയത്. ആദ്യ കളിയില്‍ ശ്രീലങ്കയെ 102 റണ്‍സിനു തകര്‍ത്തായിരുന്നു ടൂര്‍ണമെന്റിനു സൗത്താഫ്രിക്ക തുടക്കമിട്ടത്. രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയുടെ കരുത്തറിഞ്ഞു. 134 റണ്‍സിനു ഓസീസിനെ അവര്‍ മുക്കുകയായിരുന്നു.