പാറ്റ്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷവും കടന്ന് എന്‍ഡിഎ മുന്നേറ്റം. 131 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ ലീഡ് നില നൂറില്‍ താഴെയാകുകയും ചെയ്തു. 99 സീറ്റുകളിലാണ് അവര്‍ മുന്നേറുന്നത്.
അതേസമയം, ഇതുവരെ 20 ശതമാനം വോട്ടുകളാണ് എണ്ണിയത്. ഗ്രാമീണ മേഖലയില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ്. ലീഡ് നിലയില്‍ ഇനിയും മാറ്റമുണ്ടാകുമെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. എന്‍ഡിഎയില്‍ ബിജെപിയാണ് മികച്ച മുന്നേറ്റം നടത്തിയത്.71 സീറ്റുകളിലാണ് അവര്‍ ലീഡ് ചെയ്യുന്നത്.
2015 നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാളും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ശക്തി കേന്ദ്രങ്ങളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തി. അതേസമയം, ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് എന്‍ഡിഎയിലെ ജെഡിയു തകര്‍ന്നു. 50 സീറ്റുകളിലാണ് ജെഡിയു മുന്നിട്ട് നില്‍ക്കുന്നത്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മുന്നേറ്റം നടത്തിയിരുന്ന മഹാസഖ്യത്തിലെ ആര്‍ജെഡി പിന്നീട് പിന്നിലാകുകയായിരുന്നു. 59 സീറ്റിലാണ് അവര്‍ ഇപ്പോള്‍ മുന്നേറുന്നത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. എന്നാല്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തി. 17 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്.
നേരത്തേ, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോളാണ് മഹാസഖ്യം വന്‍ മുന്നേറ്റം നടത്തിയത്. 35 ഓളം സീറ്റുകളിലെ വ്യത്യാസത്തിലായിരുന്നു മഹാസഖ്യം മുന്നേറിയത്. പിന്നീട് ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു.