ആദ്യമായാണ് വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ തലത്തിലുള്ള സമ്മേളനത്തിനു കേരളം തുടക്കം കുറിക്കുന്നതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ നൂതന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും പങ്കുവയ്ക്കാനുമുള്ള ലോക വേദി ഒരുക്കുന്നതിലൂടെ കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെ കൂടുതല്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്നതാണു ലക്ഷ്യം. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആര്‍ടി) യാണ് എഡ്യൂക്കേഷന്‍ കോണ്‍ഗ്രസിന്‍റെ സംഘാടകര്‍.
രാജ്യത്തും വിദേശങ്ങളില്‍നിന്നുമായി 300 പ്രതിനിധികള്‍ പങ്കെടുക്കും. ഒന്‍പത് വിഷയങ്ങളിലായി 180 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒന്നിന് വൈകുന്നേരം രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. ബി.ഡി. കല്ല മുഖ്യാഥിതിയാകും.
കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും പങ്കെടുക്കും. ഏപ്രില്‍ രണ്ടിനു വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വിഷയത്തില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മുന്‍ വൈസ് ചാന്‍സിലര്‍ ജെ. ബി. തിലക് മുഖ്യപ്രഭാഷണം നടത്തും.
മൂന്നിന് രാവിലെ ഫിന്‍ലാന്‍റ് ഹെസിങ്കി സര്‍വകലാശാലയിലെ പ്രഫ. ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഫിന്‍ലന്‍ഡ് മാതൃക സംബന്ധിച്ച സംവാദം നടക്കും. സമാപന സമ്മേളനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.