തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
ശിവന്‍കുട്ടി ഇന്ന് നിര്‍വഹിക്കും. വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി. സ്‌കൂളിലാണു ചടങ്ങ്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 28,74,000 വിദ്യാര്‍ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്.
വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളില്‍ എത്തിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അരി സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ചെലവുകള്‍ക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തില്‍ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യ വേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുന്‍പ് അരി വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.