ശ്രീനഗര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം മുങ്ങിയ പത്ര ഉടമ അറസ്റ്റില്‍. അഫ്കര്‍ പത്രത്തിന്റെ ഉടമയും മദ്ധ്യപ്രദേശ് സ്വദേശിയുമായ പ്യാരേ മിയാനാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുക്കാനായി ദ്ധ്യപ്രദേശ് പോലീസ് ശ്രീനഗറിലേക്ക് തിരിച്ചു.
ബീഹാറിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശേഷം മുങ്ങിയ ഇയാളെ പിടികൂടുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളുടെ രഹസ്യ താവളത്തില്‍ നിന്നും പെണ്‍കുട്ടികളെ അവശനിലയില്‍ പോലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ ചെറുമക്കള്‍ ആണെന്നാണ് മിയാന്‍ പോലീസിനോട് പറഞ്ഞത്. സംഭവം കൈക്കൂലി കൊടുത്ത് ഒതുക്കി തീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതോടെയാണ് കള്ളം പുറത്തായത്. തുടര്‍ന്ന് പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ മദ്ധ്യപ്രദേശിൽ നിന്നും മുങ്ങി. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമായി തുടരുകയായിരുന്നു.
അതേസമയം, മിയാന്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പോലീസ് പൊളിച്ച് നീക്കിയിട്ടുണ്ട്. തലായ്യയിലെ നാല് നില അപ്പാര്‍ട്ട്മെന്റും അന്‍സല്‍ അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന ഒരു താത്കാലിക കെട്ടിടവുമാണ് പൊളിച്ചു നീക്കിയത്.