മുംബൈ : മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പാല്‍ഘറിലെ ധഹാനു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 4500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത 11 പേര്‍ ഉള്‍പ്പെടെ 165 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ആണ് കേസ് അന്വേഷിക്കുന്നത്.
2020 ഏപ്രില്‍ 16 നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ച് സന്യാസിമാരായ കല്‍പവൃക്ഷ ഗിരി മഹാരാജ്, സുശീല്‍ ഗിരി മഹാരാജ്, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ ഇടതുപക്ഷ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. സന്യാസിമാരെ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയത് ഗ്രാമപഞ്ചായത്ത് അംഗമായ സിപിഎം പ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ട്.