സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ.

0
65

ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു.

അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ, അസം റൈഫിൾസിനെതിരെ ബിജെപി മണിപ്പൂർ ഉപാധ്യക്ഷൻ ചിദാനന്ദ സിംഗ് രം​ഗത്തെത്തി. ‘ഒരു പ്രത്യേക സമുദായത്തെ അസം റൈഫിൾസ് പിന്തുണക്കുകയാണ്. മെയ് തെകൾക്ക് നേരെ അതിക്രമം നടത്തുകയാണ്. ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്നും ചിദാനന്ദ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here