കോഴിക്കോട് ജില്ലയുടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കൃഷി വകുപ്പ്. കാര്‍ഷിക വികസന – കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
വിസ്തൃതി വിപുലീകരണം, സുസ്ഥിരകൃഷി സഹായം, കൂട്ടുകൃഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി എന്നിവയിലൂടെ നെല്‍കൃഷി വികസനം സാധ്യമാക്കി. 82.26 ലക്ഷം രൂപയാണ് ആകെ ലഭിച്ച ധനസഹായം. ഈ തുക പൂര്‍ണ്ണമായും ചെലവഴിച്ചു.
52 ഹെക്ടറില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശ്നില കൃഷി ചെയ്തു. തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 11.26 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കതിരണി, തരിശു രഹിത ജില്ല, കൈപ്പാട് കൃഷി വികസന പദ്ധതി എന്നിവ പ്രകാരം അത്തോളി, വേളം, മേപ്പയൂര്‍, തിക്കോടി, കീഴരിയൂര്‍ പഞ്ചായത്തുകളിലായി 143 ഹെക്ടര്‍ തരിശ് നിലം കൃഷി യോഗ്യമാക്കി 47 ഹെക്ടറില്‍ ഈ വര്‍ഷം കൃഷിയിറക്കുകയും ചെയ്തു. കതിരണി പദ്ധതിയില്‍ 56.06 ലക്ഷം രൂപയും കൈപ്പാട് പദ്ധതിക്ക് 22.40 ലക്ഷം രൂപയും ചെലവഴിച്ചു ഏകദേശം 500ല്‍ അധികം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
മുഴുവന്‍ തരിശ് നിലവും കണ്ടെത്തി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. യുവാക്കളെയും മടങ്ങിവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്നതാണ് സുഭിക്ഷ കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ പദ്ധതികളായ നെല്‍കൃഷി വികസനം, കിഴങ്ങു വര്‍ഗ്ഗ വികസനം, പഴ വര്‍ഗ്ഗ വികസനം, ജനകീയാസൂത്രണ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നു.
സംസ്ഥാന പദ്ധതി പ്രകാരം 120 ഹെക്ടറും ജനകീയാസൂത്രണ പദ്ധതി പ്രകാരം 553.07 ഹെക്ടറിലും സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കി. പദ്ധതി പ്രകാരം 60.6 ഹെക്ടറില്‍ നെല്‍കൃഷിയും 108.05 ഹെക്ടറില്‍ പച്ചക്കറി കൃഷിയും 111.9 ഹെക്ടറില്‍ പഴവര്‍ഗ്ഗവും 22.5 ഹെക്ടറില്‍ പയര്‍ കൃഷിയും 261.8 ഹെക്ടറില്‍ കിഴങ്ങു വര്‍ഗ്ഗവും 4.7 ഹെക്ടറില്‍ ചെറു ധാന്യങ്ങള്‍, 15 മറ്റു വിളകള്‍ എന്നിവയാണ് കൃഷി ചെയ്തത്. രണ്ടായിരത്തിലധികം കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്.
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഒരു തുടര്‍ പദ്ധതിയായ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ കൂടി കേരളത്തിലെ ഉല്‍പാദന മേഖലയിലും സംഭരണ വിപണന കാര്‍ഷിക സഹായ മേഖലയിലും മൂല്യ വര്‍ദ്ധനവ് മേഖലകളിലുമായി കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിച്ച് കേരളത്തിലെ കാര്‍ഷിക മേഖല ശക്തമാക്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പച്ചക്കറി വികസന പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കാന്‍ വകുപ്പിന് സാധിച്ചു. പച്ചക്കറി വിത്തു പാക്കറ്റുകളും പച്ചക്കറി തൈകളും കൃഷിഭവന്‍ മുഖേന സൗജന്യമായി വിതരണം ചെയ്തതിനാല്‍ ഭൂരിഭാഗം ജനങ്ങളെയും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിച്ചു. പദ്ധതിയുടെ ഭാഗമായി 479.05 ലക്ഷം രൂപ ചെലവഴിച്ചു. 4,785 ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാന്‍ സാധിച്ചത് 65,626 മെട്രോ പച്ചക്കറി ഉല്‍പാദനവും സാധ്യമായി. ഏകദേശം 14.06 ലക്ഷം പേര്‍ പച്ചക്കറി വികസന പദ്ധതിയുടെ ഗുണഭോക്താക്കളായി
ജില്ലയില്‍ ആകെ 25 കേര ഗ്രാമങ്ങള്‍ നടപ്പിലാക്കി. ഒന്നാംവര്‍ഷം 100 ഹെക്ടര്‍ വീതമുള്ള ഒന്‍പത് എണ്ണമാണ് നടപ്പിലാക്കിയത്. ജില്ലയിലെ വടകര വിത്ത് ശേഖരണ യൂണിറ്റ് മുഖേന 2021- 22 വര്‍ഷത്തില്‍ 10,10,274 ഡബ്ല്യൂ സി ടി ഇനത്തില്‍പ്പെട്ട വിത്ത് തേങ്ങകളും 541 കുള്ളന്‍ വിത്ത് തേങ്ങകളും ഉള്‍പ്പെടെ 10,10,815 എണ്ണം 1,246 കര്‍ഷകരില്‍ നിന്നും സംഭരിച്ചു. കൂത്താളി ജില്ലാ കൃഷിത്തോട്ടം, പുതുപ്പാടി വിത്ത് ഉത്പാദന കേന്ദ്രം, പേരാമ്ബ്ര വിത്ത് ഉല്‍പാദന കേന്ദ്രം, തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം എന്നീ ഫാമുകള്‍ വഴി കേരള ഗ്രോ ബ്രാന്‍ഡില്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നീ ഇ -കൊമേഴ്സ് സൈറ്റുകളിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കി.
ഒരുകോടി ഫല വൃക്ഷത്തൈ വിതരണം പദ്ധതി പ്രകാരം 9,20,858 ഫലവൃക്ഷത്തൈകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്തു 84,541 ഗുണഭോക്താക്കള്‍ക്കാണ് തൈകള്‍ വിതരണം ചെയ്തത്. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക, ഗ്രാമ്ബൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വിസ്തൃതി വ്യാപന പ്രോത്സാഹന പദ്ധതി ലക്ഷ്യമാക്കി 70 ഹെക്ടര്‍ നടപ്പിലാക്കിയതില്‍ 16.99 ലക്ഷം രൂപയാണ് അനുവദിച്ചത്.
വിള ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി കീടരോഗ ആക്രമണം മുന്‍കൂട്ടി അറിയുന്ന സംവിധാനം, ഉപദേശ സംവിധാനം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ ശാക്തീകരണം, ഐ. ഐ.ഐ. റ്റി. എം.കെ മുഖേനയുള്ള ഐ. സി. റ്റി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം, പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്റെ വികസനം വന്യജീവി ആക്രമണം തടയുക, റോഡന്റെ കണ്‍ട്രോള്‍ എന്നിവ നടപ്പിലാക്കി.
ജൈവരീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓര്‍ഗാനിക് ഫാമിംഗ്. ജില്ലയില്‍ 12 ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കി വരുന്നു. 2021- 22 വര്‍ഷത്തില്‍ 70 ഹെക്ടര്‍ സ്ഥലത്തും 2022-23 വര്‍ഷത്തില്‍ 360 ഹെക്ടര്‍ ജൈവകൃഷി നടപ്പിലാക്കാന്‍ വകുപ്പിന് സാധിച്ചു.