താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. പ്രതിയും ബോട്ടുടമയുമായ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ പ്രാഥമിക റിപ്പോർട്ട് കളക്ടർ വെള്ളിയാഴ്ച സമർപ്പിക്കും. പോർട്ട് ഓഫീസറും ജില്ലാ കളക്ടറും എതിർ കക്ഷികളാകും. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും കോടതി അഭിനന്ദിച്ചു.