കോഴിക്കോട്: മുന്‍നിര ഫുട്ബോള്‍ ക്ലബ്ബുകളെ അനുസ്‌മരിപ്പിച്ച് ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും കളത്തിലിറങ്ങിയത് കാണികള്‍ക്ക് വേറിട്ട അനുഭവമായി.
ബൂട്ടും ജേഴ്സിയുമണിഞ്ഞ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കളത്തില്‍ ഇറങ്ങിയതോടെ സൗഹൃദ ഫുട്ബോള്‍ മത്സരം ആവേശ കൊടുമുടിയില്‍ എത്തി.
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പിങ്ക് ജഴ്‌സിയില്‍ തിളങ്ങി ജനപ്രതിനിധികളുടെ ടീമും മഞ്ഞ ജഴ്‌സിയണിഞ്ഞ് കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ടീമും ഒരു മണിക്കൂറോളം പൊരുതിക്കളിച്ചു.
മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ചു. ടീമിനു വേണ്ടി ഹാറൂണ്‍, വിപിന്‍, വിധുരാജ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും രണ്ടാം പകുതിയില്‍ ഇരുടീമുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ടീമംഗങ്ങള്‍ക്ക് പന്ത് പാസ് ചെയ്‌ത് കൊടുത്തും എതിര്‍ ടീമിന് പന്ത് നല്‍കാന്‍ വിസമ്മതിച്ചും താരങ്ങള്‍ ആവേശം വാനോളമുയര്‍ത്തി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 12 മുതല്‍ 18 വരെ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥമാണ് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്.