ഹോളിവുഡില്‍ മൂന്ന് മാസമായി സിനിമ-ടിവി എഴുത്തുകാര്‍ തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിനേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് എന്നിവയുൾപ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആന്‍റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി ഒരു പുതിയ തൊഴിൽ കരാറിൽ ഏർപ്പെടുന്നതിനുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. പ്രതിഫല വര്‍ധന, എഐ കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്.
1960 ല്‍ നടനും പിന്നീട് പ്രസിഡന്‍റുമായ റൊണാൾഡ് റീഗൻ നേതൃത്വം നല്‍കിയ ഹോളിവുഡ് സമരത്തിന് ശേഷം ഹോളിവുഡില്‍ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകളും ഒരേസമയം പണിമുടക്കുന്നത് ഇതാദ്യമാണ്.
അഭിനേതാക്കളുടെ സമരം യൂണിയനുകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര പ്രൊഡക്ഷനുകൾ ഒഴികെ വന്‍ സ്റ്റുഡിയോകളുടെ അടക്കം സിനിമകളുടെയും ടെലിവിഷൻ ഷോകളുടെ നിർമ്മാണങ്ങളെ പ്രതിസന്ധിയിലാക്കി. ശമ്പള പരിഷ്കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ആഴ്ച മുന്‍പ് ഹോളിവുഡിലെ എഴുത്തുകാര്‍ സമരം ആരംഭിച്ചത്.
സ്ട്രൈഞ്ചര്‍ തിംഗ്സ്, ദ ഹാന്‍റ്മെയിഡ് ടെയില്‍ തുടങ്ങിയ ജനപ്രിയ പരമ്പരകളുടെ നിർമ്മാണം സമരം മൂലം ബാധിച്ചിട്ടുണ്ട്. പണിമുടക്കുകൾ തുടർന്നാൽ ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വന്‍കിട ചിത്രങ്ങളുടെ റിലീസ് വയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡില്‍ ടോം ക്രൂസ്, ആഞ്ജലീന ജോളി, ജോണി ഡെപ്പ് എന്നിങ്ങനെയുള്ള എ-ലിസ്റ്റ് താരങ്ങൾ ഉൾപ്പെടെ 160,000 കലാകാരന്മാര്‍ ഉള്‍പ്പെടുന്നു. മെറിൽ സ്ട്രീപ്പ്, ബെൻ സ്റ്റില്ലർ, കോളിൻ ഫാരൽ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ സമരത്തിന് അനുകൂലമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.