പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് : മലപ്പുറം ജില്ലയില്‍ സീറ്റ് കിട്ടാതെ 13,705 പേര്‍ പുറത്ത്.

0
90

ലപ്പുറം : പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയില്‍ സീറ്റ് കിട്ടാതെ 13,705 പേര്‍ പുറത്ത്.

സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോള്‍ പുറത്ത് പോയത്. ഇവര്‍ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതില്‍ 1,883 പേര്‍ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്.

സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത്രയും കുറഞ്ഞ സീറ്റുകള്‍ ഒഴിവ് വന്നത് മലപ്പുറത്ത് മാത്രമാണ്. ജില്ലയില്‍ ഇനി മാനേജ്മെന്റ്, അണ്‍ എയ്ഡഡ് മേഖലകളില്‍ മാത്രമാണ് സീറ്റ് ഒഴിവുള്ളത്. ഈ സീറ്റുകളില്‍ വൻ തുക മുടക്കി പഠിക്കണം. ഇത് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. മാനേജ്മെന്റ്-അണ്‍ എയ്ഡഡ് മേഖലകളിലായി 13,056 സീറ്റുകള്‍ ഒഴിവുണ്ട്. മാനേജ്മെന്‍റില്‍ 3184, അണ്‍ എയ്ഡഡില്‍ 9872 സീറ്റുകളുമാണ് ഒഴിവ് വന്നത്.

ജില്ലയില്‍ മുഖ്യഘട്ട അലോട്ട്മെന്‍റില്‍ ആകെ 49,107 കുട്ടികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍-എയ്ഡഡ് മേഖല‍യില്‍ 47,651 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ 1456 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വോട്ടയില്‍ 42,006, സ്പോര്‍ട്സില്‍ 840, മാനേജ്മെന്‍റില്‍ 1750, കമ്യൂണിറ്റിയില്‍ 3055 എന്നിങ്ങനെയായിരുന്നു പ്രവേശനം. ജില്ലയില്‍ ആകെ 81,022 അപേക്ഷകരാണുണ്ടായിരുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികയില്‍ ഇടം പിടിച്ചവര്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് മുമ്ബായി പ്രവേശനം നേടണം.

LEAVE A REPLY

Please enter your comment!
Please enter your name here