ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; മൂന്നിടത്ത് പരിശോധന,

0
10

കൊച്ചി: എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഓഫീസുകളില്‍ ആണ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തില്‍ ആണ് റെയ്ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡില്‍ ഭാഗമാണ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി ഓഫീസുകൡും റെയ്ഡ് നടക്കുന്നുണ്ട്.

ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലന്‍ സഹനിര്‍മാതാവായ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇ ഡിയുടെ പരിശോധന എന്നതും ശ്രദ്ധേയമാണ്. സിനിമയില്‍ ഗോദ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചു എന്നും ഹിന്ദുത്വ വിരുദ്ധ ആഖ്യാനങ്ങള്‍ ഉണ്ട് എന്നും വിമര്‍ശിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ചിത്രത്തിലെ രണ്ടര മിനിറ്റ് രംഗം ഒഴിവാക്കുകയും പ്രധാന വില്ലന്റെ പേര് ബാബ ബജ്‌റംഗി എന്നതില്‍ നിന്ന് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. അതേസമയം എമ്പുരാന്‍ സിനിമ 200 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ സിനിമ ഏറ്റെടുക്കുന്നത്.

പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചത് എന്നായിരുന്നു നിര്‍മാണം ഏറ്റെടുത്ത് കൊണ്ട് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നത്. അതേസമയം സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ വിജയമാകാന്‍ കുതിച്ച് കൊണ്ടിരിക്കുകയാണ് എമ്പുരാന്‍. റിലീസ് ചെയ്ത് വെറും 40 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ എമ്പുരാന്‍ ഒരാഴ്ച കൊണ്ട് തന്നെ 200 കോടി ക്ലബും മറികടന്നിരുന്നു. മലയാളത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു സിനിമ 200 കോടി ക്ലബില്‍ എത്തുന്നത്. 2024 ല്‍ പുറത്തിറങ്ങി മഞ്ഞുമ്മല്‍ ബോയ്‌സായിരുന്നു ആദ്യമായി 200 കോടി ക്ലബില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here