ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

0
27

ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) നിയമം കര്‍ശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രം ഉത്സവത്തില്‍ വിപ്ലവഗാനം പാടിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സംഗീതപരിപാടിക്കിടെ എല്‍ഇഡി വാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചതായി പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു.

അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്. വികാസും സര്‍ക്കാരും എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സമയംതേടി. 19 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായയാള്‍ എങ്ങനെയാണ് ക്ഷേത്രോപദേശകസമിതി പ്രസിഡന്റാകുന്നതെന്നും ഹര്‍ജി പരിഗണക്കവെ കോടതി ആരാഞ്ഞു. ഹര്‍ജി ഏപ്രില്‍ 10-ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here