കൊല്ലം: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുരുഷൻമാരുടെ 83 കിലോ വിഭാഗത്തില്‍ നടന്ന നാഷനല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ കൊല്ലം സ്വദേശി വേണു മാധവന്റെ വെങ്കല നേട്ടത്തിന് തിളക്കമേറെ.
അര്‍ബുദബാധിതനായി ചികിത്സയില്‍ തുടരുമ്ബോഴാണ് ദേശീയ മത്സരത്തില്‍ പങ്കെടുത്ത് വേണു മാധവൻ മിന്നുംജയം നേടിയത്.കന്നിമേല്‍ചേരി വാഴപ്പള്ളി വടക്കതില്‍ വേണുമാധവൻ (53) ചെറുപ്പം മുതല്‍ കായികക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പവര്‍ ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത്.
എട്ടു വര്‍ഷങ്ങള്‍ക്ക്‌മുമ്ബ് പവര്‍ലിഫ്‌റ്റിങ് മത്സരത്തിനായുള്ള പരിശീലനത്തിനിടെ ചെറിയ പരിക്കേറ്റു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്താര്‍ബുദം മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് ചെന്നൈയിലും ആര്‍സിസിയിലുമായി ചികിത്സ തുടങ്ങി. രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട വേണു പവര്‍ലിഫ്‌റ്റിങ് രംഗത്തേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ചെന്നൈ പവര്‍ ലിഫ്റ്റിങ്ങില്‍ (83 കിലോ വിഭാഗം) രണ്ടാംസ്ഥാനവും തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാംസ്ഥാനവും നേടി. ഇപ്പോള്‍ ദേശീയ മത്സരത്തില്‍ വെങ്കലവും നേടി.