തിരുവനന്തപുരത്തെ നില അതീവ ഗുരുതരം

0
85

തിരുവനന്തപുരത്തെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ഇളവുകൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടുമെന്നും കടകംപള്ളി പറ‍ഞ്ഞു. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. കണ്ടെൻമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്ന് കോർപ്പറേഷനും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി പ്രദേശമായ പാറശ്ശാലയിൽ 33 പേര്‍ക്ക രോഗം സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പാറശ്ശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകൾ ലാർജ്ജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
183 രോഗികളാണ് ഇപ്പോൾ പാറശ്ശാലയിലുള്ളത്. ഇന്നലെ 14 പേർക്കും അതിന് തലേന്ന് 19 പേർക്കുമാണ് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടുമായി അതി‍ർത്തി പങ്കിടുന്ന കളയ്ക്കിളാവിളയിൽ അടക്കം കേസുകൾ ഉയർന്നതോടെ പാറശ്ശാലയിലാകെ പരിശോധനകൾ കൂട്ടിയിരുന്നു. ഇഞ്ചിവിള, അഞ്ചാമം, നെടുവാൻവിള, പരശ്ശുവയ്ക്കൽ എന്നീ മേഖലകളിലാണ് കൂടുതൽ രോഗികളും ഉള്ളത്. ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളായി തിരിഞ്ഞാണ് നിലവിൽ പരിശോധന. 101 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാണ് പാറശ്ശാലയിലുള്ളത്. പാറശ്ശാല ലാർജ്ജ് ക്ലസ്റ്ററായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസങ്ങളിൽ പരിശോധനകൾ വ്യാപകമാക്കും.
മൂന്നാം തീരദേശ സോണിൽ പെടുന്ന കുളത്തുര്‍ പഞ്ചായത്തില്‍ പെടുന്ന പൊഴിയൂരില്‍ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ നിലവിലുള്ളത്. ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് പോസിറ്റീവായത്. അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here